ന്യൂഡല്‍ഹി : ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ഒന്നു കൂടി ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ വൈറസ് വ്യാപനത്തിനെതിരായ നമ്മുടെ യുദ്ധം തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ ഭീഷണിയെ രാജ്യം ജന പിന്തുണയോടെ നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോരാട്ടം നയിക്കുന്നത് ജനങ്ങളാണ് വൈറസിനെതിരായ യുദ്ധം നീണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. ലോക്ക് ഡൗണിന് ശേഷം രാജ്യം തുറക്കുമ്പോള്‍ വളരെ ശ്രദ്ധയോടെ വേണം നാം മുന്നോട്ട് പോകാനെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വ്യവസായങ്ങള്‍ മെല്ലെ തിരികെ വരികയാണ്. സമ്പദ് വ്യവസ്ഥയുട വലിയൊരു ഭാഗം സജീവമായി. മറ്റുരാഷ്ട്രങ്ങളേക്കാള്‍ പതിന്മടങ്ങ് ജനസംഖ്യയുള്ള ഇന്ത്യ വ്യത്യസ്തമായ ഭീഷണിയാണ് നേരിടുന്നത്. തൊഴിലാളികളെയും പാവപ്പെട്ടവരെയുമാണ് ലോക്ക്ഡൗണ്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ ഘട്ടത്തില്‍ രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൂടുതല്‍ ഇളവുകള്‍ അഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ നല്‍കിയിട്ടുണ്ട്. നാലാംഘട്ട ലോക്ക് ഡൗണില്‍ റോഡ്, റെയില്‍, വ്യോമ ഗതാഗതങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ അതെല്ലാം പിന്‍വലിച്ചിട്ടുണ്ട്. നിലവില്‍ ശ്രമിക് തീവണ്ടികള്‍ സര്‍വ്വീസ് നടത്തുന്നത്് തുടരും . ഇതിന് പുറമേ മറ്റ് തീവണ്ടി സര്‍വ്വീസുകളും ഉടന്‍ പുന;രാരംഭിക്കും. എല്ലാ മുന്‍കരുതല്‍ നടപടിയോട് കൂടിയും ആഭ്യന്തര വിമാന സര്‍വ്വീസ് പുന:രാംഭിച്ചിട്ടുണ്ട്. പതുക്കെ വ്യാവസായിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിക്കും. ഈ സാഹചര്യത്തില്‍ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.