ന്യൂഡല്‍ഹി: രാജ്യസഭാ ഉപാദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഹരിവംശ് സിംഗിനെ അഭിനന്ദിക്കുന്ന മോദിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തു. ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച കോണ്‍ഗ്രസ് എം.പി ബി.കെ ഹരിപ്രസാദിനെതിരെയുള്ള ഭാഗങ്ങളാണ് നീക്കം ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യുന്നത് അപൂര്‍വ സംഭവമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യുന്നെന്ന് രാജ്യസഭാ സെക്രട്ടറിയേറ്റ് അറിയിച്ചു.
ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ച എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഹരിവംശ് സിംഗിനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടയിലാണ് മോദി ഹരിപ്രസാദിനെതിരെ പരാമര്‍ശം നടത്തിയത്. തിരഞ്ഞെടുപ്പ് രണ്ട് ഹരിമാര്‍ തമ്മിലായിരുന്നുവെന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ മോദിയുടെ പരമാര്‍ശം അപകീര്‍ത്തികരമാണെന്ന് ആര്‍.ജെ.ഡി എ.പി മനോജ് കുമാറാണ് 238 ചട്ടപ്രകാരം ചൂണ്ടിക്കാട്ടിയത്. പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് സഭാദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു വ്യക്തമാക്കിയതിന് പിന്നാലെ പരമാര്‍ശം രേഖകളില്‍ നിന്നും നീക്കിയതായി രാജ്യസഭാ സെക്രട്ടറിയേറ്റ് അറിയിക്കുകയായിരുന്നു.
പരമാര്‍ശത്തിന് പിന്നാലെ ഹരിപ്രസാദിനെ പുകഴ്ത്തി മോദി സംസാരിച്ചിരുന്നു. ഹരിപ്രസാദ് ജനാധിപത്യത്തിന്റെ അന്തസ് ഉയര്‍ത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയ വ്യക്തയാണെന്ന് മോദി പറഞ്ഞു.