മുംബൈ: ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ഥന നടത്തിയത് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍. ഉസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രസംഗിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. സംഭവത്തില്‍ എന്തു നടപടിയെടുക്കണമെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുക. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോജിക്കുകയാണെങ്കില്‍ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിക്കും. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.
സി.പി.ഐ എം പോളിറ്റ് ബ്യൂറോ മെമ്പര്‍ നീലോത്പല്‍ ബസു ആണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.സൈനികരുടെ പേരില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ മാസം ഉത്തരവിറക്കിയിരുന്നു. സൈനികരുടെ ചിത്രങ്ങളോ ഇത് സംബന്ധിച്ച പരസ്യങ്ങളോ തിരഞ്ഞെടുപ്പില്‍ പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി തന്നെ ഈ ചട്ടം ലംഘിച്ചതായി പരാതിയില്‍ പറയുന്നു.
കന്നിവോട്ടര്‍മാരോട് ബാലാകോട്ട് ആക്രമണം നടത്തിയവര്‍ക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്കും കന്നിവോട്ട് സമര്‍പ്പിക്കണമെന്നാണ് ചൊവ്വാഴ്ച ലാത്തൂരിലെ മോദി പ്രസംഗിച്ചത്.