സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിയമ ഭേദഗതിക്ക് അംഗീകാരം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സൈബര്‍ നിയമങ്ങള്‍ ദുര്‍ബലമാണെന്ന വാദം സമൂഹത്തില്‍ ഉയരുന്ന സമയത്താണ് പുതിയ നിയമത്തിലൂടെ സോഷ്യല്‍ മീഡിയയിലടക്കം നടക്കുന്ന ആക്രമണങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അധിക്ഷേപ കേസില്‍ ഇനി മുതല്‍ പൊലീസിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം.
സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍, വ്യാജ വാര്‍ത്തകള്‍ തുടങ്ങിയവയ്ക്ക് ഈ നിയമത്തിന്‍മേല്‍ പൊലീസിന് കേസെടുക്കാം. ഭേദഗതി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങിടാനാണെന്ന് ആക്ഷേപമുണ്ട്. കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തിയ നടപടി മാദ്ധ്യമങ്ങള്‍ക്ക് എതിരല്ലെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ നേരത്തെ പറഞ്ഞിരുന്നു. പൗരന്‍മാരുടെ അന്തസിനെയും അഭിമാനത്തെയും സംരക്ഷിക്കാനാണ് 2011 ലെ പൊലീസ് ആക്ട് ഭേദഗതി ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 2000ത്തിലെ ഐ ടി ആക്ടിലെ 66എ വകുപ്പില്‍, കമ്പ്യൂട്ടര്‍ സംവിധാനങ്ങളിലൂടെ വ്യക്തിയെ ആക്ഷേപിക്കുന്ന സംഭവങ്ങളില്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു. 2015ല്‍ 66 എ വകുപ്പും കേരള പൊലീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പും സുപ്രീം കോടതി റദ്ദാക്കി. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന് എതിരാണെന്ന കണ്ടെത്തലിലാണിത്.