കൊച്ചി: ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട് നടന്ന അക്രമസംഭവങ്ങളില്‍ പോലീസിന്റെ കടുത്ത നടപടികള്‍ തുടരുന്നു. 1407 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. ഇതുവരെ 258 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അണികളെ പോലീസ് നടപടിയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിന് വഴി കാണാതെ സംഘപരിവാര നേതൃത്വം കുഴയുകയാണ്
എറണാകുളത്തുനിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമാണ് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. എറണാകുളം റൂറലില്‍ നിന്ന് 75 പേരെയും തൃപ്പൂണിത്തുറയില്‍ നിന്ന് 51 പേരേയും ഇന്നലെ രാത്രി മുതല്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരും നിരോധനാജ്ഞ ലംഘിച്ചവരുമാണ്.
അക്രമസംഭവത്തില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍ നേരത്തേ പോലീസ് പുറത്തു വിട്ടിരുന്നു. കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും പോലീസ് പറഞ്ഞു.
അതിനിടെ പോലീസ് പുറത്തുവിട്ട ചിത്രത്തില്‍ പത്തനംതിട്ട എആര്‍ ക്യാമ്പിലെ പോലീസുകാരനായ ഇബ്രാഹിംകുട്ടിയുടെ ചിത്രം കയറിപ്പറ്റിയത് വിവാദമായി. പോലീസിലെ സൈബര്‍ വിഭാഗത്തിന് പറ്റിയ പിഴയാണ് ഇതെന്നാണ് വിശദീകരണം.