കൊച്ചി: പത്രക്കാര്‍ക്ക് പരസ്യം നല്‍കി ആപ്പിളിനെ വെല്ലുന്ന ഫോണിറക്കുമെന്ന് പ്രഖ്യാപിച്ച മാംഗോ മൊബൈല്‍ കമ്പനി ഉടമകള്‍ അതിന് മുന്‍പ് തന്നെ പോലീസ് പിടിയില്‍. എം ഫോണ്‍ ഉടമകള്‍ ജോസ് കുട്ടി അഗസ്റ്റിനും ആന്റോ അഗസ്റ്റിനുമാണ് അറസ്റ്റിലായത്. ബാങ്ക് ഓഫ് ബറോഡ നല്‍കിയ തട്ടിപ്പു കേസിലാണ് അറസ്റ്റ്. വ്യാജരേഖ ചമച്ച് ബാങ്കില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. കൊച്ചി ലേമെറിഡിയനില്‍ ആപ്പിളിനെ വെല്ലുന്ന എം ഫോണ്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വേളയിലാണ് ഇരുവരെയും ഷാഡോ പൊലീസ് അറസ്റ്റു ചെയ്തത്.
പുതിയ ഫോണ്‍ ഇറക്കുന്നതും തട്ടിപ്പിന്റെ ഭാഗമായാണെന്നാണ് പൊലീസ് പറയുന്നത്. മാംഗോ ഫോണ്‍ ലോഞ്ചിന് ഇവര്‍ 30 ലക്ഷം രൂപയാണ് കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിനു നല്‍കിയിട്ടുള്ളത്. മാദ്ധ്യമങ്ങള്‍ക്ക് കോടികളുടെ പരസ്യവും നല്കിയിരുന്നു. . റോജി അഗസ്റ്റിന്‍, ജോസൂട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ക്കെതിരെ കേരളത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏറെയും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടവയായിരുന്നു.
കൊച്ചിയിലെ എസ്ബിറ്റിയുടെ കളമശ്ശേരി ബാങ്കിന്റെ ശാഖയില്‍ നിന്നും 13 കോടിയോളം രൂപ വായ്പ്പയെടുത്ത് തിരിച്ചടക്കാത്തതിന്റെ പേരില്‍ ഇവര്‍ക്കെതിരെ കേസ് നിലവിലുണ്ട്. . എസ്ബിറ്റിയില്‍ വച്ച വസ്തുവിന്റെ വ്യാജരേഖ ഉണ്ടാക്കിയാണ് ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും ലോണെടുത്തിരുന്നു. 2.50 കോടി രൂപയായിരുന്നു വായ്പ്പ എടുത്തത്. ഇങ്ങനെ വ്യാജരേഖയുണ്ടാക്കി തട്ടിപ്പു നടത്തിയ സംഭവത്തിലാണ് ഇവരെ അറസ്റ്റു ചെയ്തിരിക്കുന്നത്.
എഎംഡബ്ല്യു ട്രക്കുകളുടെ കേരളത്തിലെ ഡീലര്‍മാരായിരുന്നു അഗസ്റ്റിന്‍ സഹോദരന്മാര്‍. ഈ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിച്ചതോടെയാണ് ഇ്‌വര്‍ മാംഗോ മൊബൈലുമായി രംഗപ്രവേശനം ചെയ്തത്. എന്നാല്‍ ഏഷ്യന്‍ മോട്ടോഴ്‌സ് അടക്കം മൂന്ന് കമ്പനികള്‍ ഇവര്‍ ഉണ്ടാക്കിയിരുന്നു. ഏഷ്യന്‍ ടിമ്പേഴ്‌സ്, ഏഷ്യന്‍ സൂര്യ ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയായിരുന്നു ഇവരുടെ കമ്പനികള്‍. ഈ കമ്പനികളുടെ പേരില്‍ ഇപ്പോഴും കേസുകള്‍ നിലവിലുണ്ട്.
ഇതില്‍ സുപ്രധാനമായ തട്ടിപ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ കബളിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ്. 13.50 കോടി രൂപയാണ് എസ്ബിറ്റിയില്‍ ഇന്നും ഇവര്‍ വായ്പ്പയെടുത്തിരുന്നത്. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ട്രക്ക് പണയപ്പെടുത്തിയാണ് ഇങ്ങനെ വായ്പ്പ സമാഹരിച്ചത്. മറ്റ് ട്രക്കുകള്‍ വിറ്റു പോകുമ്പോള്‍ ലഭിക്കുന്ന പണം ബാങ്കില്‍ അടയ്ക്കാമെന്നും വ്യവസ്ഥ ചെയ്തു. എന്നാല്‍, ഈ പണം വേറെ അക്കൗണ്ടിലേക്ക് വകയിരുത്തി ബാങ്കിനെ ചതിക്കുകയാണ് ഇവര്‍ ചെയ്തത്. കൊച്ചിയിലെ എസ്ബിറ്റിയുടെ കളമശ്ശേരി ബാങ്കിന്റെ ശാഖയില്‍ നിന്നുമായിരുന്നു ഇങ്ങനെ പണം വായ്പ്പയെടുത്തത്. ഇങ്ങനെ എസ്ബിറ്റിക്ക് പണയപ്പെടുത്തിയ അതേ വസ്തു തന്നെ പണയം വച്ചാണ് ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും പണമെടുത്തത്.
മാംഗോ ഫോണിന്റെ ഫ്രാഞ്ചൈസികളുടെ പേരില്‍ പണപ്പിരിവ് നടത്താന്‍ പദ്ധതിയിട്ട് വരുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായിരിക്കുന്നത്. വയനാട് സ്വദേശികളായ അഗസ്റ്റിന്‍ സഹോദരന്മാരുടെ ഈ മൊബൈല്‍ കമ്പനി എന്നതാണ് ഈ അന്വേഷണത്തില്‍ വ്യക്തമായ കാര്യം. ഇതിനായി സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും അമിതാബ് ബച്ചനെയും ബ്രാന്‍ അംബാസിഡര്‍മാരാക്കിയെന്നും ഇവര്‍ പറഞ്ഞു. പറഞ്ഞതില്‍ നിന്നും ഒരു മാസം വൈകി മാംഗോ മൊബൈല്‍ ഫോണ്‍ ഇന്ന് രംഗത്തിറക്കുമെന്നാണ് മാംഗോയുടെ അണിയറ ശില്‍പ്പികളുടെ അവകാശപ്പെട്ടിരുന്നത്. എന്ന് വൈകീട്ട് ഏഴ് മണി മുതല്‍ ചാനലില്‍ ലോഞ്ചിങ് ഉണ്ടാകുമെന്ന് പത്രപ്പരസ്യത്തിലും ഉണ്ടായിരുന്നു.
ആപ്പിളിനെ വെല്ലുന്ന മാംഗോ ഫോണ്‍ ഇന്ന് ലോഞ്ച് ചെയ്യുന്നു എന്ന് വ്യക്തമാക്കി കൊണ്ട് മലയാളത്തിലെ പ്രമുഖ പത്രങ്ങളില്‍ മുന്‍പേജ് പരസ്യമാണ് ഇവര്‍ നല്‍കിയിരിക്കുന്നത്. ഇങ്ങനെ കോടികള്‍ മുടക്കി മാദ്ധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന് പിന്നാലെയാണ് ഉടമകളെ പൊലീസ് അറസ്റ്റു ചെയ്തത്. ബാങ്കുകളെ കബളിപ്പിച്ച കേസില്‍ അടക്കം നിരവധി തട്ടിപ്പു കേസിലെ പ്രതികളാണ് മാംഗോ ഫോണിന് പിന്നിലെ അണിയറ ശില്‍പ്പികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍. നേരത്തെ ഇവരുടെ മുന്‍ ജീവനക്കാരി നല്കിയ പരായിന്മേലും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു.
മാതൃഭൂമിയിലും മനോരമയിലും, ദേശാഭിമാനിയിലും ഒന്നാം പേജില്‍ ഒന്നാം ഫുള്‍പേജ് പരസ്യമാണ് മാംഗോ മൊബൈലിനെ കുറിച്ച് നല്‍കിയത്. ഇന്ന് ലേമെറിഡിയനില്‍ വച്ചായിരുന്നു ഉദ്ഘാട ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് പൊലീസ് വളഞ്ഞിട്ടുണ്ട്. ‘മലയാളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം’ എന്ന കാപ്ഷനോടെയാണ് മൊബൈല്‍ ലോഞ്ച് ചെയ്യുന്നു എന്ന് വ്യക്തമാക്കി കൊണ്ടുള്ള മാംഗോ ഫോണിന്റെ പരസ്യം. ഇതോടൊപ്പം ത്രീഡി സ്മാര്‍ട്ട് ഫോണിന്റെ ഫീച്ചേഴ്‌സ് വ്യക്തമാക്കികൊണ്ടുള്ള വിവരവും ഒന്നാം പേജ് പരസ്യത്തിലുണ്ടായിരുന്നു.
ഉടമകളെ കസ്റ്റഡിയില്‍ എടുത്തതോടെ മാംഗോ ഫോണ്‍ ലോഞ്ച് ഇന്ന് നടക്കാനും സാധ്യതയില്ല. കസ്റ്റഡിയില്‍ എടുത്ത ഇരുവരെയും കോടതിയില്‍ ഹാജരാക്കി ഇന്ന് തന്നെ റിമാന്‍ഡ് ചെയ്യും. ഇവരുടെ പേരില്‍ നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ ഉണ്ടെന്നിരിക്കേ ഇവര്‍ക്കെതിരായ നിയമനടപടികള്‍ വരും ദിവസങ്ങളിലും മുറുകാനാണ് സാധ്യത. ബാങ്ക് ഓഫ് ബറോഡ നല്‍കിയ കേസില്‍ ഒളിച്ചു കഴിയുകയായിരുന്നു ഇരുവരും ഇതുവരെ.