സ്വന്തം ലേഖകൻ
കൊച്ചി:ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ വിവരങ്ങൾ ശേഖരിച്ച് ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തിയ അമ്മയും മകളും പൊലീസ് പിടിയിൽ.പാലാ ഓലിക്കൽ വീട്ടിൽ നിന്നും ഇപ്പോൾ എരൂർ ഷാസ് മിസ്റ്റിക് ഹെയ്റ്റ് ഫ്‌ളാറ്റിൽ താമസിക്കുന്ന മറിയാമ്മ സെബാസ്റ്റ്യൻ(59),മകൾ അനിത ടി ജോസഫ്(29) എന്നിവരെയാണ് ചേരാനെല്ലൂർ പൊലീസ് പിടികൂടിയത്.
ഇരുവരും സമൂഹമാധ്യമങ്ങളിൽ നടത്തിയ പ്രചരണത്തിലൂടെയാണ് തട്ടിപ്പ് നടത്തിയത്. സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത പെരുമ്പാവൂർ രായമംഗലം ഭാഗത്തുള്ള പ്രവീൺ മന്മഥന്റെ മകളുടെ ചികിൽസയ്ക്കായി ചാരിറ്റി പ്രവർത്തകനായ ഫറൂഖ് ചെറുപ്പുളശേരി വഴി സമൂഹ മാധ്യമങ്ങളിൽ സഹായം അഭ്യർഥിച്ച് പോസ്റ്റ് ഇടുകയും പലരിൽ നിന്നായി സഹായം സ്വീകരിക്കുകയുമായിരുന്നു.
കുട്ടിയുടെ ചികിത്സയ്ക്കിടെ പ്രവീണിന്റെ പരിചയക്കാനായ ഡോക്ടർ വിളിച്ച് പ്രവീണിന്റെ മകളുടെ ഫോട്ടോയും പ്രതികളുടെ അക്കൗണ്ട് നമ്പറും ഗൂഗിൾ പേ നമ്പറും കൃപാസനം പ്രസാദവര മാതാവ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ കണ്ടതായി വിവരം നൽകി.ഇതോടെ സംഭവം ചൂണ്ടിക്കാണിച്ച് പ്രവീൺ പ്രവീൺ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സമൂഹമാധ്യമങ്ങളിലൂടെ ചികിൽസയ്ക്കായുള്ള പോസ്റ്റുകളിൽ പ്രതികളുടെ അക്കൗണ്ട് ചേർത്ത് ഇതിലൂടെ ലഭിച്ച ഏകദേശം ഒരു ലക്ഷം രൂപയോളം പിൻവലിച്ചുെവന്നും കണ്ടെത്തി.
തുടർന്ന് എറണാകുളം സെൻട്രൽ എസിപി ലാൽജിയുടെ നേതൃത്വത്തിൽ ചേരാനെല്ലൂർ സി ഐ കെ ജി വിപിൻകുമാർ,എസ് ഐ സന്തോഷ് മോൻ,എഎസ് ഐ വി എ ഷക്കൂർ,പി പി വിജയകുമാർ,സീനിയർ സിപിഒ സിഗോഷ് പോൾ,ഷീബ, സിപിഒ പ്രശാന്ത് ബാബു,പ്രിയ,ജിനി,ജാൻസി എന്നിവരുടെ നേതൃത്തിലാണ് പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.