തൃശൂര്‍: ഒടുവില്‍ പോലീസിന് ബോധം ഉദിച്ചു.പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് ഔദ്യോഗിക വാഹനം ഓടിപ്പിച്ച ഐജി സുരേഷ് രാജ് പുരോഹിതിനെതിരെ കേസെടുക്കാന്‍ ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനാണു കേസ്. പുരോഹിതിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഔദ്യോഗിക വാഹനം കോളജ് കാമ്പസില്‍ ഓടിച്ചു. ഇത് സംബന്ധിച്ച് ഉയര്‍ന്ന പരാതിയിന്മേലാണ് വിജിലന്‍സ് കോടതി നടപടി. ഇക്കാര്യമറിഞ്ഞിട്ടും നടപടി എടുക്കാത്തതിനു വിയ്യൂര്‍ എസ്‌ഐക്കെതിരെയും കേസെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
രാമവര്‍മപുരം പൊലീസ് അക്കാദമി ഐജിയാണ് സുരേഷ് പുരോഹിത്.പൊലീസുകാര്‍ തന്നെയാണ് വിഡിയോ പകര്‍ത്തിയത്. ഇതുസംബന്ധിച്ച് മേലുദ്യോഗസ്ഥര്‍ക്കു പൊലീസുകാര്‍ തെളിവുസഹിതം പരാതി അയച്ചു. അഞ്ചു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള മൂന്നു ദൃശ്യങ്ങളാണ് പരാതിയ്‌ക്കൊപ്പം ഉള്ളത്. ഐജി വാഹനത്തില്‍ ഇരിക്കുന്നില്ലെങ്കിലും പൊലീസ് ഡ്രൈവര്‍ വലതുവശത്തെ സീറ്റിലുണ്ട്. ഐജിയുടെ ഔദ്യോഗിക വാഹനമാണ് ദൃശ്യങ്ങളിലുള്ളത്.
പരാതിക്ക് ഒപ്പം അയച്ച മൂന്നു വിഡിയോകളിലും വ്യത്യസ്ത വാഹനങ്ങളാണ് ഓടിക്കുന്നത്. ഒരു വിഡിയോയില്‍ തൃശൂര്‍ റേഞ്ച് ഐജിയുടെ വാഹനമാണെങ്കില്‍ മറ്റൊന്നു പൊലീസ് അക്കാദമി ഐജിയുടേതാണ്. നേരത്തെ തൃശൂര്‍ റേഞ്ച് ഐജിയുടെ ചുമതലയും സുരേഷ് രാജ് പുരോഹിത് വഹിച്ചിരുന്നു. ഔദ്യോഗിക കൊടിയും നെയിം ബോര്‍ഡും വിഡിയോകളില്‍ കാണാം. +1 വിദ്യാര്‍ത്ഥിയാണ് ഐജിയുടെ മകന്‍. ഐജിയുടെ മകന്‍ കാണിച്ച നിയമലംഘനം വിവാദമായിട്ടും നടപടിയെടുക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പൊലീസ് അക്കാദമിയിലെ ഔദ്യോഗിക വാഹനം പൊലീസുകാരുടെ ബന്ധുക്കള്‍ ആരെങ്കിലും ഓടിക്കുകയാണെങ്കില്‍ പ്രത്യേക അനുമതി തേടേണ്ടതുണ്ട്. അതു സംഭവിച്ചിട്ടില്ല. ഇതിനൊപ്പമാണ് പ്രായപൂര്‍ത്തിയാകാത്തയാളാണു വാഹനമോടിച്ചത് എന്നതും. നിയമത്തെ പറ്റി എല്ലാം അറിയുന്ന ഐജിയാണ് കൂട്ടുനില്‍ക്കുന്നത് എന്നത് കുറ്റത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഐജി സഞ്ചരിക്കുന്ന സമയത്തു വളപ്പില്‍ വാഹനങ്ങളൊന്നും നിര്‍ത്തരുതെന്നും പൊലീസുകാര്‍ വഴിയരികില്‍ നില്‍ക്കരുതെന്നും ഉത്തരവിട്ട ഉദ്യോഗസ്ഥന്‍ കൂടിയാണ് സുരേഷ് രാജ് പുരോഹിത്.