ഇന്ന് ലോകം അവസാനിക്കുമോ?…

ലോകാവസാനവുമായി ബന്ധപ്പെട്ട വിവിധ പ്രവചനങ്ങള്‍ വ്യത്യസ്ത കാലങ്ങളില്‍ നാം കേട്ട് ഭയന്നിട്ടുണ്ട്. ഭൂമികുലുക്കം, കൊടുങ്കാറ്റ്, പേമാരി, ആകര്‍ഷണബലം നഷ്ടപ്പെട്ട് ഭൂമി സൂര്യനിലേക്ക് പതിക്കല്‍, മറ്റ് ഗ്രഹങ്ങള്‍ ഭൂമിയുമായി കൂട്ടിയിടിക്കല്‍ തുടങ്ങിയവയാണ് ഇതിനുള്ള കാരണങ്ങളായി അവര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്.
<p>ഇപ്പോഴിതാ ഇന്നു രാത്രിയില്‍ ലോകാവസാനമുണ്ടാവുമെന്ന പുതിയ പ്രവചനവുമായി ഒരു പറ്റം പേര്‍ എത്തിയിരിക്കുകയാണ്. ഇന്നു രാത്രി സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഒരുമിച്ചെത്തുന്നതിന് പുറമെ 2013 ടിഎക്‌സ്68 എന്ന ആസ്റ്ററോയ്ഡ് ഭൂമിയുമായി കൂട്ടിയിടിക്കുമെന്നും അതിലൂടെ ഭൂമി നശിക്കുമെന്നുമാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഇന്റര്‍നെറ്റിലൂടെയാണ് ചിലര്‍ ഇത്തരത്തിലുള്ള പ്രചാരണം വന്‍ തോതില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു നീലത്തിമിംഗലത്തിന്റെയത്ര വലുപ്പമുള്ള ഈ ആസ്റ്ററോയ്ഡ് ഭൂമിയുടെ അടുത്തു കൂടെ ഇന്ന് കടന്ന് പോകുമ്പോള്‍ എന്താണ് സംഭവിക്കുകയെന്നറിയാന്‍ ശാസ്ത്രലോകവും കണ്ണും കാതും കൂര്‍പ്പിച്ചാണ് നിലകൊള്ളുന്നത്.

ഈ ആസ്റ്ററോയ്ഡിന്റെ സാമീപ്യത്തിനൊപ്പമെത്തിയ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ലോകാവസാനത്തിന്റെ വ്യക്തമായ ലക്ഷണങ്ങളാണെന്നാണ് ഇതിന്റെ വക്താക്കള്‍ വാദിക്കുന്നത്. ഇന്ന് ഇതിന്റെ ഭാഗമായി ചന്ദ്രന്‍ സാധാരണത്തേതില്‍ നിന്നും വലിയ രൂപത്തിലാണ് കാണപ്പെടുക. ഭൂമിയെ ചുറ്റുന്നതിന്റെ ഭാഗമായി ചന്ദ്രന്‍ ഇന്ന് ഭൂമിയോട് ഏറ്റവും അടുക്കുന്ന ദിവസവുമാണിത്. ഇതിന് പുറമെ ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്ന് പോകുന്നതിനാല്‍ സൂര്യനില്‍ നിന്നും ഭൂമിയിലേക്കുള്ള പ്രകാശം മറയ്ക്കപ്പെട്ട് സൂര്യഗ്രഹണം സംഭവിക്കുകയും ചെയ്യും. ഭൂമിക്ക് യാതൊരു ദോഷവും വരുത്താതെയാണ് പ്രസ്തുത ആസ്റ്ററോയ്ഡ് കടന്ന് പോവുകയെന്ന് നാസ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും കോണ്‍സ്പിരിസി തിയറിസ്റ്റുകളും ഇവാന്‍ജെലിക്കല്‍ ക്രിസ്ത്യന്‍സുമാണ് ഈ സന്ദര്‍ഭം ലോകാവസാനമാണെന്ന് ഉറച്ച് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

ഇത്തരത്തിലുള്ള ബിബ്ലിക്കല്‍ ദുര്‍നിമിത്തങ്ങള്‍ മനുഷ്യവംശത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം മോശമായ അടയാളങ്ങളാണ് നല്‍കുന്നതെന്നാണ് ഇന്റര്‍നെറ്റ് പാസ്റ്ററായ അനിത ഫ്യൂന്‍ടെസും അവരുടെ ഭര്‍ത്താവ് ഇഗ്‌നേഷ്യോ ഫ്യൂന്‍ടെസും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ സര്‍വനാശത്തിന്റെ ദിവസമാണ് യാദൃശ്ചികമായി തന്റെ പിറന്നാളും കടന്ന് വന്നിരിക്കുന്നതെന്നാണ് യൂട്യൂബ് വീഡിയോയിലൂടെ അനിത വെളിപ്പെടുത്തിയിരിക്കുന്നത്. ലോകാവസാനത്തിന്റെ സമയമായെന്നാണ് അനിതയുടെ ഭര്‍ത്താവ് പറയുന്നത്.

ഇത് അവസാന മണിക്കൂറും അവസാന സെക്കന്‍ഡുമാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. ഇന്ന് വിധിയുടെ ദിവസമാണെന്നാണ് ക്ലിന്റന്‍ റോബിന്‍സന്‍ എന്ന യൂട്യൂബര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ ആസ്റ്ററോയ്ഡ് ഭൂമിയുടെ സമീപത്ത് മാര്‍ച്ച് അഞ്ചിന് വേഗത്തില്‍ കുതിച്ചെത്തുമെന്നായിരുന്നു നാസ ആദ്യം പ്രവചിച്ചിരുന്നത്. പിന്നീട് അത് മാര്‍ച്ച് എട്ടിനാണ് എത്തുകയെന്ന് തിരുത്തുകയും ചെയ്തിട്ടുണ്ട്.സൂര്യന്റെ അതി പ്രകാശത്തില്‍ പെട്ട് പോകുന്നതിനാല്‍ ഈ ആസ്റ്ററോയ്ഡിനെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കില്ലെന്നാണ് നാസ പറയുന്നത്.

മാര്‍ച്ച് 9നാണ് യുറോപ്പില്‍ സൂര്യഗ്രണമുണ്ടാവുകയെന്നും അതിന്റെ ഫലമായി വടക്കന്‍ യൂറോപ്പില്‍ വന്‍ പ്രകൃതിദുരന്തമുണ്ടാകുമെന്നുമാണ് ബ്രിട്ടീഷ് ആസ്‌ട്രോളജറായ പീറ്റര്‍ സ്‌റ്റോക്കിംഗര്‍ പ്രവചിക്കുന്നത്. പാരീസില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് പ്രവചിച്ചതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് ഇദ്ദേഹം. നാളെയുടെ ആദ്യ മണിക്കൂറുകളിലാണ് യൂറോപ്പില്‍ സൂര്യഗ്രണമുണ്ടാവുകയെന്നാണ് അദ്ദേഹം പറയുന്നത്.സാറോസ് സീരീസ് 130ന്റെ ഭാഗമായാണീ സൂര്യഗ്രഹണം സംഭവിക്കുന്നത്. അതായത് 1096ല്‍ ഇത്തരത്തിലൊരു സൂര്യഗ്രഹണം അരങ്ങേറിയിരുന്നു.

ഇത്തരത്തിലൊരു ഗ്രഹണം 2394ലും ഉണ്ടാകുമെന്നാണ് പ്രവചനം. ഇത്തരത്തിലുള്ള ഗ്രഹണം കൂട്ടമരണവും സര്‍വനാശവും വിതയ്ക്കുമെന്നും പീറ്റര്‍ പ്രവചിക്കുന്നു. ഫിലോസഫി, ആസ്‌ട്രോളജി, മധ്യകാലത്തെ ആസ്‌ട്രോളജിക്കല്‍ ടെക്‌നിക്കുകള്‍,തുടങ്ങിയവ പഠിക്കാനായി 25 വര്‍ഷങ്ങളോളം പീറ്റര്‍ ചെലവഴിച്ചിട്ടുണ്ട്. ഇത്തരമൊരു നാശത്തെക്കുറിച്ച് 17ാം നൂറ്റാണ്ടിലെ ആസ്‌ട്രോളജറായ വില്യം ലില്ലി പ്രവചിച്ചിരുന്നുവെന്നും പീറ്റര്‍ ചൂണ്ടിക്കാട്ടുന്നു.

Top