കുറ്റം തെളിയിക്കാനുള്ള ഗരുഡന്‍ തൂക്കവും തേങ്ങക്കിടിയും മാറുന്നു; ആധുനികമായ ചോദ്യം ചെയ്യലിനുള്ള സ്മാര്‍ട്ട് റൂം പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: പോലീസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയം അരിച്ച് കയറുന്നത് അവര്‍മര്‍ദ്ദിക്കും മര്‍ദ്ദിക്കാനുള്ള അവകാശമുണ്ട് എന്നൊക്കെയുള്ള അറിവ് ജനങ്ങളുടെ മനസില്‍ പതിഞ്ഞ് പോയതിനാലാണ്. ഇന്നും ഭേദ്യം ചെയ്തല്ലാതെ കുറ്റം തെളിയിക്കാന്‍ കേരളാ പോലീസിന് കഴിഞ്ഞിട്ടില്ല എന്നതും സത്യമാണ്. എന്നാല്‍ ഇത്തരത്തില്‍ തലകീഴായി കെട്ടിത്തൂക്കിയും തുണിയില്‍ കെട്ടിയ തേങ്ങ മുതുകിലിടിച്ചുമൊക്കെ പ്രതികളെക്കൊണ്ടു കുറ്റം സമ്മതിപ്പിക്കുന്ന രീതി മാറുന്നു. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ശാസ്ത്രീയമായി ചോദ്യം ചെയ്തും പ്രതികരണങ്ങളിലൂടെ പ്രതികളുടെ പ്രകൃതം മനസ്സിലാക്കിയും കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനുള്ള പ്രത്യേക ചോദ്യം ചെയ്യല്‍ കേന്ദ്രം ആലപ്പുഴയില്‍ തുടങ്ങി. കോട്ടയം, തിരുവനന്തപുരം ജില്ലകള്‍ക്കു പിന്നാലെ സംസ്ഥാനത്തു മൂന്നാമത്തെ കേന്ദ്രം ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിനോടു ചേര്‍ന്നാണു പ്രവര്‍ത്തിക്കുക. ജില്ലാ പൊലീസ് മേധാവി വി.എം.മുഹമ്മദ് റഫീക്ക് കേന്ദ്രം ഉദ്ഘാടനം ചെയ്തു.

പ്രത്യേകമായി സജ്ജമാക്കിയ മുറിയാണ് ഈ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിന്റെ പ്രത്യേകത. വികസിതരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന നിലവാരത്തിലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഈ ‘സ്മാര്‍ട്’ ചോദ്യം ചെയ്യല്‍ മുറി തയാറാക്കിയത്. ചോദ്യം ചെയ്യലിനു വിധേയരാവുന്നവരെ ശാന്തരാക്കാനും വേണ്ടി വന്നാല്‍ അലോസരപ്പെടുത്താനും സഹായകരമായ പ്രകാശ സംവിധാനം, നാലു വശങ്ങളില്‍ നിന്നും ഇയാളുടെ അതിസൂക്ഷ്മ ചലനങ്ങള്‍ ഒപ്പിയെടുക്കുന്ന അത്യാധുനിക ക്യാമറകള്‍, ചെറുശബ്ദം പോലും പിടിച്ചെടുക്കുന്ന മൈക്രോ ഫോണുകള്‍, ശബ്ദം പുറത്തേക്കു പോകാത്തവിധം ശബ്ദരോധിനി സംവിധാനം ഉപയോഗിച്ചു നിര്‍മിച്ച ചുമരുകള്‍ തുടങ്ങിയവയ!ുള്‍പ്പെടെയാണു സാങ്കേതിക സൗകര്യങ്ങള്‍. ദൃശ്യങ്ങളും ശബ്ദങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള കംപ്യൂട്ടര്‍ സൗകര്യങ്ങളുമുണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദഗ്ധ സംഘത്തിനു പ്രതിയുടെ ശബ്ദവും ഭാവങ്ങളും അപ്പപ്പോള്‍ നിരീക്ഷിച്ചു നിഗമനത്തിലെത്താനും അവ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥന് ഉടനടി നല്‍കാനും സംവിധാനമുണ്ടാകും. ക്രിമനോളജിസ്റ്റുകള്‍, മനഃശാസ്ത്രജ്ഞര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, ശരീരഭാഷാ വിദഗ്ധര്‍ എന്നിവരടങ്ങിയ സംഘത്തിന്റെ സഹായവും പ്രധാനപ്പെട്ട കേസുകളില്‍ അന്വേഷണോദ്യോഗസ്ഥന് ഉപയോഗപ്പെടുത്താനാകും. എല്ലാ കേസുകളിലെയും പ്രതികളെ ഇവിടെ കൊണ്ടു വന്നു ചോദ്യം ചെയ്യില്ല. പ്രാധാന്യമുള്ള കേസുകള്‍, കോളിളക്കമുണ്ടാക്കുന്ന വിവാദമായ കേസുകള്‍, ദുരൂഹമായ കൊലപാതകക്കേസുകള്‍ തുടങ്ങിയവയുടെ പ്രതികള്‍ക്ക് ഈ മുറി കാണാന്‍ അവസരമുണ്ടാകും.

അഞ്ചു ലക്ഷം രൂപ ചെലവിലാണു മുറി തയാറാക്കിയിരിക്കുന്നത്. പ്രതികളോടു ചോദ്യം ചോദിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വിശദമായ പരിശീലനം നല്‍കും. ഓരോ കേസിനും അതുമായി ബന്ധപ്പെട്ട സംഭങ്ങളെയും വ്യക്തികളെയും അടിസ്ഥാനമാക്കി ചോദ്യാവലികള്‍ തയാറാക്കിയാകും ചോദ്യം ചെയ്യല്‍ തുടങ്ങുക. ഇതിനിടയില്‍ പ്രതി തെറ്റായ വിവരങ്ങളിലേക്കു കടന്നാല്‍ പ്രതിയുടെ പ്രതികരണവും പ്രകൃതവും വിലയിരുത്തുന്ന വിദഗ്ധര്‍ ഉടനടി തയാറാക്കുന്ന ചോദ്യങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ ചോദിക്കും. ഇതു പ്രതിയുടെ പെരുമാറ്റത്തിനനുസരിച്ചുള്ളതാകും.

Top