കോടതി പറഞ്ഞിട്ടും രക്ഷയില്ല; സോപാനത്ത് കയറണ്ടാന്ന് ദേവസ്വം ബോര്‍ഡ് ഫോട്ടോഗ്രാഫര്‍ക്ക് നേരെ പൊലീസിന്റെ ഭീഷണിയും

സന്നിധാനം: ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിട്ടും രക്ഷയില്ല. പോലീസ് വീണ്ടും പഴയ പടി തന്നെ. ഇത്തവണ പോലീസ് അതിക്രമത്തിന് ഇരയായത് ദേവസ്വം ബോര്‍ഡ് ഫോട്ടോഗ്രാഫര്‍. ഇന്ന് ഉച്ചയ്ക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ശബരിമലയിലത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. സോപാനത്ത് ശശികല എത്തിയപ്പോള്‍ ഫോട്ടോയെടുക്കാന്‍ കയറിയ ഫോട്ടോഗ്രാഫറെ പോലീസുകാരന്‍ തടഞ്ഞു. ‘താനാരാ ഇതിനകത്ത് കയറാന്‍’ എന്ന് പറഞ്ഞ് തടയുകയായിരുന്നു. താന്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥിരം ജീവനക്കാരനാണെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥന്‍ ഫോട്ടോഗ്രാഫറെ പുറത്തേക്ക് ആഞ്ഞുതള്ളുകയായിരുന്നു.
കുറച്ച് സമയത്തിന് ശേഷം ഐ.ഡി കാര്‍ഡുമായി എത്തി ഇതേ ഉദ്യോഗസ്ഥനെ കാണിച്ചപ്പോഴും, ‘നീ ഇത് നേരത്തെ എന്താടാ കാണിക്കാത്തത്’ എന്ന് ചോദിച്ച് ശകാരമായിരുന്നു പ്രപതികരണമെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞു. കൊടിമരത്തിന് മുന്നില്‍ നിന്ന് ‘നീ ഒരു കോപ്പും കാണിക്കണ്ട’ എന്ന് പറഞ്ഞ് ശകാരം തുടരുകയായിരുന്നു. കാര്യം തിരക്കിയ മാദ്ധ്യമ പ്രവര്‍ത്തകരോടും തീര്‍ത്തും മോശവും ഭീഷണിയുടെ സ്വരത്തിലുമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ പ്രതികരണം. ‘കൂടുതല്‍ പേടിപ്പിക്കാന്‍ വരല്ലേ, നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. നടപടി നേരിടേണ്ടി വരും’ എന്നായിരുന്നു ഭീഷണി. പൊലീസിന്റെ ഈ സമീപനത്തില്‍ ഭക്തരും കടുത്ത ആശങ്കയിലാണ്.

സന്നിധാനത്ത് നടന്ന പൊലീസ് നടപടിയില്‍ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്നുമുണ്ടായത്. എന്നിട്ടും ഒരു കൂസലുമില്ലാതെ പഴയതുപോലെ തന്നെയൊണ് പോലീസിന്റെ മനോഭാവമെന്ന് സംഭവങ്ങള്‍ തെളിയിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top