
ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പ ധര്‍മ സേനാ നേതാവ് രാഹുല്‍ ഈശ്വറിനെ പൊലീസ് തിരിച്ചയച്ചു. കോടതി ഉത്തരവില്ലാതെ കടത്തിവിടാനാകില്ലെന്നു പൊലീസ് നിലപാട് എടുത്തു. ഇരുമുടി കെട്ടുമായി ശബരിമല ദര്‍ശനത്തിനെത്തിയ രാഹുലിനെ നിലയ്ക്കലില്‍ വച്ചാണ് തിരിച്ചയച്ചത്.
ശബരിമലയിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ കരുതല്‍ തടങ്കലില്‍ ആക്കുമെന്നും പൊലീസ് അറിയിച്ചതായി രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നിലയ്ക്കല്‍ സ്റ്റേഷനിലെത്തിയ രാഹുല്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ കടത്തിവിടാനാകൂവെന്നും പൊലീസ് രാഹുലിനോട് വ്യക്തമാക്കി. തുടര്‍ന്ന് രാഹുല്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി. അതേസമയം പോലീസ് നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.