പൊലീസുകാരുടെ പൊതുജനത്തോടുള്ള പെരുമാറ്റം ക്രൂരമായിട്ടാണെന്ന പരാതി വ്യാപകമാണ്. ഇത്തരത്തില്‍ പെരുമാറുന്ന പോലീസുകാര്‍ക്കായി പ്രത്യേക ട്രയിനിംഗും സേനക്കുള്ളില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനിടയില്‍ പുതിയൊരു പ്രശ്‌നം തലപൊക്കിയിരിക്കുകയാണ്. അത് പോലീസുകാര്‍ നേരിടുന്ന പീഡനമാണ്.
തിരുവനന്തപുരത്ത് മേലുദ്യോഗസ്ഥന്റെ പീഡനം മൂലം ആത്മഹത്യയുടെ വക്കിലെത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ നടുക്കുന്ന വിവരങ്ങളാണ് പങ്കുവയ്ക്കുന്നത്. ഒരുവര്‍ഷത്തിനിടെ പതിനെട്ട് പൊലീസുകാരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. ഈ കേസുകളുടെ അന്വേഷണം അട്ടിമറിക്കുകയാണെന്നും പരാതിയുണ്ട്.
ജോലിക്കിടെ തളര്‍ന്ന് വീണ് ആശുപത്രി കിടക്കയിലായിരുന്നു പുളിങ്കുടി എ.ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ്‌കുമാര്‍. ക്യാംപിലെ മേധാവിയുടെ പീഡനമാണ് കാരണമെന്ന് ഇദേഹം തുറന്ന് പറയുന്നു. മേലുദ്യോഗസ്ഥന്റെ തെറിവിളിയുടെ സാമ്പിളും ഇദ്ദേഹത്തിന്റെ കയ്യിലുണ്ട്. ഇത്തരം സമ്മര്‍ദ്ദങ്ങളും പ്രശ്‌നങ്ങളും പൊലീസുകാരുടെ മനോവീര്യം തകര്‍ക്കുകയാണ് എന്ന് കണക്കുകള്‍ തെളിയിക്കുന്നു.
വനിതകളടക്കം 17 പൊലീസുകാര്‍ സമ്മര്‍ദം താങ്ങാതെ കഴിഞ്ഞ വര്‍ഷം ജീവനൊടുക്കി. മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് എഴുതിവിച്ച് ഒടുവില്‍ മരണംവരിച്ചത് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്.ഐ ഗോപകുമാര്‍. രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അച്ഛനില്ലാതായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. നീതിക്കായി ഈ വിധവ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി യാചിക്കുന്നത്.
സംഘര്‍ഷം നിയന്ത്രിക്കേണ്ട പൊലീസിന് മനസംഘര്‍ഷം നിയന്ത്രിക്കാനാവത്തതില്‍ ഉയര്‍ന്ന ജോലിഭാരവും കാരണമാണ്. മോശം പെരുമാറ്റം നിയന്ത്രിക്കണമെങ്കില്‍ ആദ്യം േസനയിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണമെന്നാണ് ആവശ്യമുയരുന്നത്. മോശം പെരുമാറ്റം നിയന്ത്രിക്കണമെങ്കില്‍ ആദ്യം സേനയ്ക്കുള്ളിലെ ജീവനക്കാരുടെ പരാതികളില്‍ പരിഹാരം കാണണമെന്നാണ് സേനയില്‍ നിന്നുതന്നെ ഉയരുന്ന അഭിപ്രായം.