ട്രാഫിക് പൊലീസുകാര്‍ക്ക് നേരെ എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനം; യൂണിവേഴ്‌സിറ്റി കോളേജിനടുത്ത് പോലീസിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു, ആരെയും പിടിക്കാതെ പോലീസ്

തിരുവനന്തപുരം: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. പാളയത്ത് യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്തായാണ് സംഭവം നടന്നത്. ട്രാഫിക് നിയമം ലംഘിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദ്ദനം.

എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരായ വിനയചന്ദ്രന്‍, ശരത്, എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. സാരമായി പരിക്കേറ്റ ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. എന്നാല്‍ ആരെയും പിടികൂടാന്‍ പൊലീസിനായിട്ടില്ല.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പാളയത്ത് ട്രാഫിക് നിയമം ലംഘിച്ച് ‘യു’ടേണ്‍ എടുത്ത് ബൈക്കില്‍ വന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനെ യുദ്ധസ്മാരകത്തിന് സമീപത്ത് ട്രാഫിക് പൊലീസുകാരന്‍ അമല്‍കൃഷ്ണ തടഞ്ഞു. തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തിലായി. യുവാവ് പോലീസുകാരനെ യൂണിഫോമില്‍ പിടിച്ച് തള്ളി. ഇതുകണ്ട് സമീപത്ത് നിന്ന പൊലീസുകാരായ വിനയചന്ദ്രനും, ശരതും ഇടപെടുകയായിരുന്നു. ബൈക്ക് യാത്രികനും ഇവരുമായി ഏറ്റുമുട്ടി. ഇതിനിടെ ബൈക്ക് യാത്രികന്‍ ഫോണ്‍ചെയ്ത് കൂട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്ത് നിന്നും ഇരുപതോളം വിദ്യാര്‍ത്ഥികള്‍ പാഞ്ഞെത്തി. ഇവര്‍ എത്തിയ ഉടന്‍ രണ്ടുപോലീസുകാരെയും വളഞ്ഞിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top