ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്ക് സ്റ്റേ ലഭിക്കാത്തതിനാല്‍ മണ്ഡല കാലത്ത് സന്നിധാനം പ്രശ്‌ന കലുഷിതമാകുമെന്ന് ഉറപ്പായി. 17ാം തീയ്യതി എത്തുമെന്നറിയിച്ച് തൃപ്തി ദേശായി ഉറച്ച തീരുമാനം എടുത്തുകഴിഞ്ഞു. സ്ത്രീകളെത്തിയാല്‍ തടയുമെന്ന് വ്യക്തമാക്കി സംഘപരിവാര്‍ സംഘടനകളും രംഗത്തുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന് സര്‍ക്കാരും കണക്ക് കൂട്ടുന്നു.
മണ്ഡലകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ. ഡി.ജി.പി വരെയുളള ഉന്നത ഉദ്യോഗസ്ഥര്‍ക്കു പുറമെ ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ, യുവതി പ്രവേശനത്തിനും തൃപ്തി ദേശായിക്കുമെതിരെ ശക്തമായ നിലപാടെടുത്ത് ബിജെപിയും രംഗത്തെത്തി. ഒരു കോടതിവിധിയുടെ ചുവട് പിടിച്ച് നവോഥാന നായകനാവാമെന്ന് മുഖ്യമന്ത്രി വിചാരിച്ചാല്‍ ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ലെന്ന് ബി.ജെ.പി നേതാവ് വി.വി.രാജേഷ് പറഞ്ഞു.
ശബരിമലയിലേക്ക് യാത്ര ചെയ്യാന്‍ സര്‍ക്കാരിന്റെ സംരക്ഷണം ആവശ്യപ്പെട്ട തൃപ്തി ദേശായിക്ക് അവര്‍ മനസിലാകുന്ന ഭാഷയില്‍ സര്‍ക്കാര്‍ മറുപടി കൊടുത്ത് കാര്യങ്ങള്‍ മനസിലാക്കിക്കണമെന്നും ഇനി ഞങ്ങള്‍ അതിനു തുനിഞ്ഞാല്‍ ചിലപ്പോള്‍ അതിര് കടന്ന് പോകുമെന്നും ബി.ജെ.പി നേതാവ് മുന്നറിയിപ്പ് നല്‍കി.
സന്നിധാനത്ത് പൊലീസ് സാന്നിദ്ധ്യം കൂട്ടിയും അവിടെ ലോക്കപ്പ് തുറക്കുവാനുള്ള നീക്കങ്ങള്‍ നടത്തുന്നു എന്ന് അറിയുന്നതെല്ലാം സര്‍ക്കാര്‍ ശക്തമാണ് എന്ന് കാട്ടാനുള്ള ചില ഗിമ്മിക്കുകള്‍ മാത്രമാണെന്നും വി.വി.രാജേഷ് ആരോപിക്കുന്നു.
സന്നിധാനത്ത് ഡ്യൂട്ടിക്കായി 20 അംഗങ്ങളുളള കേരള പോലീസ് കമാന്‍ഡോ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുളള മറ്റൊരു കമാന്‍ഡോ സംഘം പമ്പയിലുണ്ടാകും. കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടര്‍ ബോള്‍ട്ടിന്റെ ഒരു പ്ലറ്റൂണിനെ മണിയാറില്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന കേരള പോലീസിന്റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്.