സുജീഷിനെ പോലസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. ഇയാളെ ചോദ്യംചെയ്യുന്നതിലൂടെ നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ചോദ്യം ചെയ്യലിനു ശേഷം പ്രതി സുജീഷിനെതിരായ നാലു പരാതികളില്‍ക്കൂടി പോലീസ് അറസ്റ്റ് രേഖപ്പെടുത്തും. തനിക്കെതിരായ പീഡനക്കേസിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പ്രതി ചോദ്യം ചെയ്യലില്‍ പോലീസിനോടു പറഞ്ഞത്. ഇക്കാര്യങ്ങളിലടക്കം വരും ദിവസങ്ങളില്‍ പോലീസ് വ്യക്തത വരുത്തും.
ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരേ യുവതികള്‍ പരാതി നല്‍കിയത്. പ്രതിക്കെതിരേ പാലാരിവട്ടം സ്റ്റേഷനില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനു മൂന്നു കേസുകളും ചേരാനെല്ലൂര്‍ സ്റ്റേഷനില്‍ ബലാത്സംഗത്തിനു രണ്ടു കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സുജീഷിനെതിരായ നാലു പരാതികളില്‍ക്കൂടി പോലീസ് അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, ടാറ്റൂ ചെയ്തതിനു ശേഷം ചില സ്ത്രീകളില്‍നിന്ന് ഇയാള്‍ പണം വാങ്ങിയിരുന്നില്ലെന്നു പരാതിക്കാരിലൊരാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. യുവതികള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി മുന്നോട്ടു പോകാതിരിക്കാനാകാം പണം വാങ്ങാതിരുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.
സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോയ്ക്കു ലൈസന്‍സ് ഇല്ലെന്നു പോലീസ് പറഞ്ഞു. ആര്‍ട്ട് സ്റ്റുഡിയോ എന്ന രീതിയിലാണ് ഇയാള്‍ ലൈസന്‍സ് എടുത്തിരുന്നത്. ടാറ്റൂ കേന്ദ്രത്തില്‍ സന്ദര്‍ശക രജിസ്റ്ററും സൂക്ഷിച്ചിരുന്നില്ല.
പരാതിക്കാരായ യുവതികളുടെ രഹസ്യമൊഴി ഇന്നലെ വനിത മജിസ്ട്രേറ്റ് രേഖപ്പെടുത്തി.. പ്രതിയുടെ ടാറ്റു സ്റ്റുഡിയോയില്‍നിന്നു പോലീസ് പിടിച്ചെടുത്ത കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്ക്, സിസിടിവി എന്നിവയുടെ സൈബര്‍ പരിശോധനാ ഫലം വൈകാതെ ലഭിക്കും.
കഴിഞ്ഞ ദിവസം സുജീഷിന്റെ ചൂഷണത്തിനിരയായ കാര്യം യുവതി തുറന്നു പറഞ്ഞതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പിന്നീട് നിരവധി പേര് സമൂഹമാധ്യമങ്ങളിലുടെ തുറന്നു പറച്ചിലുമായി രംഗത്തെത്തിയിരുന്നു. ഞായറാഴ്ച രാത്രിയോടെ ഇയാള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.