കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.ഇതുവരെ 21 പേരുടെ രഹസ്യമൊഴിയെടുത്തിരുന്നു. റിമി ടോമിയെക്കൂടാതെ മറ്റ് നാലുപേരുടെ മൊഴികൂടി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. നേരത്തേ, കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിയാൻ പോലീസ് തന്നെ ഫോണിൽ വിളിച്ചിരുന്നതായി റിമി പറഞ്ഞിരുന്നു. ദിലീപ്, കാവ്യ എന്നിവരുമായി തനിക്ക് സൗഹൃദമുള്ളതുകൊണ്ടും അടുത്തിടെ നടന്ന അമേരിക്കൻ സ്റ്റേജ് ഷോയെക്കുറിച്ചും ഒക്കെ പോലീസ് ചോദിച്ചതായാണ് അവർ വ്യക്തമാക്കിയിരുന്നത്.
അതേസമയം ഹൈക്കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ്.പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷനായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. പൊലീസ് പിടിച്ചാല്‍ 3 കോടി നല്‍കാമെന്ന് പള്‍സര്‍ സുനിയോട് ദിലീപ് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ വിജയിച്ചിരുന്നെങ്കില്‍ ദിലീപിന് 65 കോടിയുടെ നേട്ടമുണ്ടാകുമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം ക്വട്ടേഷന്‍ തുക വാങ്ങിയതിന് ശേഷം രക്ഷപ്പെടാനായിരുന്നു പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ കൂട്ടുപ്രതി സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ കീഴടങ്ങിയതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ എവിടെയെന്ന് ഹൈക്കോടതി ചോദിച്ചു. അന്വേഷണസംഘം നേരിടുന്ന പ്രധാന ചോദ്യം അതുതന്നെയെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ഫോണ്‍ കണ്ടെടുക്കാനുള്ള ശ്രമം നടക്കുകയാണ്. ക്വട്ടേഷന്‍ ദിലീപിന്റേതാണെന്ന് പത്താം പ്രതി വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം സാക്ഷിയെ സ്വാധീനിക്കാന്‍ കാവ്യാ മാധവന്റെ ഡ്രൈവര്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ലക്ഷ്യയുടെ മാനേജരെ ഡ്രൈവറായ സുധീര്‍ 40 തവണ ഫോണില്‍ വിളിച്ചു. അന്വേഷണം പൂര്‍ത്തിയായോ എന്നും പ്രധാന സാക്ഷികളുടെ മൊഴിയെടുത്തോയെന്നും കോടതി ചോദിച്ചു. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ലാലിന്റെ മൊഴി പ്രോസിക്യൂഷന്‍ കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. സിനിമാ മേഖലയിലെ നാല് പേരുടെ കൂടി രഹസ്യമൊഴി രേഖപ്പെടുത്തും. ഇതുവരെ 21 പേരുടെ രഹസ്യമൊഴിയെടുത്തിരുന്നു.