അർധരാത്രിയിൽ പൊലീസ് സ്റ്റേഷനിൽ എസ്പിയുടെ മോഷണം; കുടുങ്ങിയത് ഉറങ്ങിയ പൊലീസുകാർ

ക്രൈം ഡെസ്‌ക്

പാലക്കാട്: തിരഞ്ഞെടുപ്പിൽ കർശന പരിശോധനകളുമായി റോഡിൽ നിരക്കേണ്ട ഉദ്യോഗസ്ഥ സംഘം അർധരാത്രി പൊലീസ് സ്റ്റേഷനിൽ കൂർക്കം വലിച്ചറങ്ങി. സ്റ്റേഷനിൽ മിന്നൽ പരിശോധനയ്‌ക്കെത്തിയ ജില്ലാ പൊലീസ് മേധാവി സേർച്ച് ലൈറ്റും കൈവിലങ്ങുമായി ഓഫിസിലേയ്ക്കു മടങ്ങി. വിവരം ഡ്യൂട്ടിലുണ്ടായ ഉദ്യോഗസ്ഥർ അറിഞ്ഞത് പിറ്റേന്ന് എസ്പി ഓഫിസിൽ നിന്നു വിളിയെത്തിയപ്പോൾ.
തെരഞ്ഞെടുപ്പിനു രണ്ടുദിവസംമുമ്പ് പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ പോലീസ് സ്‌റ്റേഷനിൽ അരങ്ങേറിയ സംഭവം സേനയ്ക്കാകെ നാണക്കേടായതിനാൽ രഹസ്യമാക്കി വച്ചു.തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിർത്തി വഴി മദ്യവും പണവും മറ്റും ഒഴുകുന്നതു തടയാൻ സർവസന്നാഹങ്ങളും സജ്ജമാണെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് രാത്രികാല പരിശോധനക്കായി തമിഴ്‌നാട്ടിലേക്ക് നീളുന്ന പ്രധാനപാതയോരത്തുള്ള കൊഴിഞ്ഞാമ്പാറ പോലീസ് സ്‌റ്റേഷൻ ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റ സന്ദർശിച്ചത്.
രാത്രി 12നും പുലർച്ചെ രണ്ടിനും ഇടയിൽ അപ്രതീക്ഷിത പരിശോധനയ്ക്കായി ജില്ലാ പോലീസ് മേധാവി എത്തുമ്പോൾ ജി.ഡി ചാർജുള്ള സീനിയർ സിവിൽ പോലീസ് ഓഫീസറും പാറാവുകാരനും ഉൾപ്പെടെ നാലുപോലീസുകാരും സുഖനിദ്രയിലായിരുന്നു.
ആരെയും വിളിച്ചുണർത്താതെ സ്‌റ്റേഷനിൽ സൂക്ഷിച്ചിരുന്ന കൈവിലങ്ങും സേർച്ച് ലൈറ്റും എടുത്ത് പോലീസ് മേധാവി സ്ഥലംവിട്ടു.
സ്‌റ്റേഷന് പുറത്തു താക്കോൽ മാറ്റാതെ പാർക്ക് ചെയ്ത ഡിപ്പാർട്ടുമെന്റ് വക ബൈക്കും കൂടെ ഉണ്ടായിരുന്ന പോലീസുകാരനെ കൊണ്ട് എടുപ്പിച്ചാണ് എസ്.പി. മടങ്ങിയത്. പിറ്റേന്ന് ഉറങ്ങി എഴുന്നേറ്റിട്ടും സ്‌റ്റേഷനിൽനിന്നു ബൈക്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ കളവുപോയത് പോലീസുകാർ അറിഞ്ഞില്ല. രാവിലെ ജില്ലാ പോലീസ് ഓഫീസിൽനിന്നു വിവരം അറിയിച്ചപ്പോഴാണു ഇവർ കാര്യങ്ങളറിയുന്നത്.
അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.സി.പി.ഒയെയും മൂന്ന് പോലീസുകാരെയും ജില്ലാ പോലീസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി താക്കീതു നൽകി വിട്ടയച്ചെന്നാണു വിവരം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് കൂടുതൽ നടപടികൾ ഒഴിവാക്കിയതെന്ന് സൂചനയുണ്ട്. ജില്ലയിൽ മാവോയിസ്റ്റ് ഭീഷണിയുള്ള പോലീസ് സ്‌റ്റേഷനുകൾ ഉണ്ടെന്നിരിക്കെ ഇത് ഗുരുതരമായ സുരക്ഷാപാളിച്ചയായാണ് വിലയിരുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top