കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ഉറ്റ സുഹൃത്തും സംവിധായകനുമായ നാദിർഷായെ അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കാൻ സാദ്ധ്യത. കേസിൽ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സംവിധായകനും നടനുമായ നാദിർഷ സമർപ്പിച്ച അപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് തള്ളിയിരുന്നു.അറസ്റ്റ് തടയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി താരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ 13ന് പരിഗണിക്കുമെന്നും ഉത്തരവിട്ടിരുന്നു. ഇതിന് മുമ്പ് തന്നെ അന്വേഷണ സംഘം നാദിർഷയെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ നിലപാട് ആരാഞ്ഞു.മുൻകൂർ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ചികിത്സ തേടിയ നാദിർഷ ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്.
എന്നാൽ നാദിർഷായെ അറസ്റ്റ് ചെയ്യുന്നതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുള്ള അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥർ കാത്തിരിക്കുകയാണെന്നും ഇതുണ്ടായാൽ ഇന്ന് തന്നെ നാദിർഷായെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അറസ്റ്റ് ചെയ്താൽ ആവശ്യമായ വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം ജാമ്യത്തിൽ വിട്ടയയ്ക്കാൻ ആയിരുന്നു അന്വേഷണ സംഘത്തിന്റെ ധാരണ.എന്നാൽ പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ നാദിർഷ ഉന്നയിച്ച സ്ഥിതിയ്ക്ക് പഴുതടച്ച രീതിയിലുള്ള നടപടിയിലേക്കായിരിക്കും അന്വേഷണ സംഘം നീങ്ങുന്നത്. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയെ പറ്റിയുള്ള കേസിൽ നാദിർഷ തെറ്റായ വിവരങ്ങൾ നൽകി വഴിതെറ്റിക്കാൻ ശ്രമിച്ചതായി കാട്ടി വിശദമായ ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു .
എന്നാൽ, ഇതിന് പിന്നാലെ നാദിർഷ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. താൻ നിരപരാധിയാണെന്നും കേസിൽ കുടുക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും നാദിർഷ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. മാത്രമല്ല, അറസ്റ്റു ചെയ്യുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നതായും നാദിർഷ ആരോപിച്ചിരുന്നു.നെഞ്ചുവേദനയെ തുടർന്ന് നാദിർഷായെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുന്ന നാദിർഷ പുറത്തിറങ്ങിയാലുടൻ കസ്റ്റഡിയിലെടുക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും ഏറ്റവും അടുത്ത സുഹൃത്തുമാണ് നാദിർഷ. അത്കൊണ്ട് തന്നെ നാദിർഷായെ പിടികൂടിയാൽ കേസിന്റെ കുരുക്കഴിക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.