കോട്ടയം: കേരള രാഷ്ടീയത്തില്‍ മറ്റൊരു വിവാദം കൂടി തുറന്നിട്ട് പാര്‍ലമെന്റംഗം ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിന്റെ പുസ്തകം പുറത്തിറങ്ങി. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്നും ‘മീ ടൂ’ പ്രചാരണത്തില്‍ താനും പങ്കുചേരുന്നുവന്നും ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
നിഷ തുറന്നു പറഞ്ഞ കാര്യം പുറത്തുവന്നതോടെ കോട്ടയത്തെ ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ മകന്‍ ആരാണെന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു. പേര് പറഞ്ഞില്ലെങ്കിലും കൃത്യമായ സൂചനകളാണ് നിഷ തന്നെ പുസത്കത്തില്‍ നല്‍കിയിരുന്നത്. അതകൊണ്ട് തന്നെ നിഷയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ പലരും വിരല്‍ ചൂണ്ടിയത് പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെതിരെയാണ്. നിഷയോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നതും അവര്‍ ഉദ്ദേശിച്ചത് ഈ നേതാവിനെ തന്നെയാണെന്നാണ്.
തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു സംഭവമെന്നു പറയുന്ന നിഷ വ്യക്തിയുടെ പേരു പറയുന്നില്ല. ചില സൂചനകള്‍ മാത്രം തരുന്നു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. ട്രെയിനില്‍ കയറിയ അയാള്‍ അടുത്തു വന്നിരുന്നു സംസാരം തുടര്‍ന്നു. സഹികെട്ടപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു. ടിടിആര്‍ നിസ്സഹായനായി കൈമലര്‍ത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴും’- ഇങ്ങനെ പറഞ്ഞ് ടിടിആര്‍ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികന്‍ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാല്‍പാദത്തില്‍ സ്പര്‍ശിച്ചു. അതോടെ അടുത്തുനിന്നു പോകാന്‍ അയാളോട് കര്‍ശനമായി പറഞ്ഞെന്നും വീട്ടില്‍ എത്തിയശേഷം ഇക്കാര്യം ഭര്‍ത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നും പുസ്തകത്തില്‍ പറയുന്നു.
കോട്ടയത്തെ ഒരു യുവ കോണ്‍ഗ്രസ് നേതാവിനെതിരെയും നിഷയുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ഹീറോ എന്ന് പരിഹാസ രൂപത്തിലാണ് ആ നേതാവിന്റെ പേര് പുസ്തകത്തില്‍ പറയുന്നത്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് ‘ഹീറോ’ആണെന്ന് നിഷ ആരോപിക്കുന്നു. സ്വന്തം നേതാവിനെ മോശപ്പെടുത്തി ഇയാള്‍ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തു വന്നതിനെപ്പറ്റിയും പുസ്തകത്തില്‍ സൂചനയുണ്ട്. പേരൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും ആളെ മനസ്സിലാക്കാവുന്ന സൂചനകള്‍ പുസ്തകം നല്‍കുന്നുണ്ട്.