നിലയ്ക്കല്‍: ശബരിമല വിഷയത്തില്‍ പിടിച്ച് സര്‍ക്കാരിനെയും പോലീസിനെയും കടന്നാക്രമിക്കാനാണ് ബിജെപി സംഘപരിവാര്‍ കാരുടെ ശ്രമം. എന്നാല്‍ ഈ ശ്രമങ്ങളൊക്കെയും ഓരോന്നായി പൊളിയുകയും ചെയ്തു. ഏറ്റവുമൊടിവില്‍ പോലീസ് കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞെന്ന വാദങ്ങളാണ് ഉയരുന്നത്. എന്നാല്‍ ഇതും പൊളിഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് പൊന്‍ രാധാകൃഷ്ണന്‍ ശബരിമലയിലെത്തിയത്. രാവിലെ നിലയ്ക്കലിലെത്തി സ്ഥിതിഗതികള്‍ വീക്ഷിച്ച് മല കയറിയ അദ്ദേഹം വൈകുന്നേരം ദര്‍ശനം നടത്തുകയും രാത്രി സന്നിധാനത്ത് സന്നിധാനത്ത് തങ്ങുകയും നാമജപപ്രതിഷേധമടക്കം നടത്തുകയും ചെയ്ത് പുലര്‍ച്ചെയാണ് പൊന്‍ രാധാകൃഷ്ണന്‍ മലയിറങ്ങിയത്. മടക്കത്തിനിടെ മന്ത്രിയുടെ വാഹനം പുലര്‍ച്ചെ പോലീസ് തടഞ്ഞു എന്നാണ് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ പോലീസ് തന്നെ തെളിവുകളുമായി രംഗത്തെത്തുകയായിരുന്നു.
മന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോയത് പുലര്‍ച്ച 1.13ന് ആണ്. എന്നാല്‍ പോലീസ് തടഞ്ഞ വാഹനം വന്നത് 1.20തിന് ആയിരുന്നു. പ്രതിഷേധക്കാര്‍ വാഹനത്തിലുണ്ട് എന്ന സംശയത്തിലാണ് തടഞ്ഞ് പരിശോധിച്ചത്. തുടര്‍ന്ന് വാഹനത്തിലുളളവര്‍ മന്ത്രിയെ വിളിച്ച് വിവരം പറയുകയും മന്ത്രി തിരികെ വരികയും ചെയ്തു. സംഭവിച്ചത് എന്താണ് എന്ന് പോലീസ് മന്ത്രിയെ ബോധ്യപ്പെടുത്തി. പിന്നീട് മന്ത്രിക്ക് ചെക്ക് റിപ്പോര്‍ട്ട് എഴുതി നല്‍കാമെന്നും പോലീസ് പറഞ്ഞു. അവിടെ വെച്ച് ചെക്ക് റിപ്പോര്‍ട്ട് എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ പോലീസ് ഈ റിപ്പോര്‍ട്ട് എഴുതി നല്‍കിയതിനെ മാപ്പ് എഴുതി നല്‍കിയെന്ന തരത്തിലാണ് ബിജെപിയും സംഘപരിവാറും പ്രചരിപ്പിച്ചത്.
വാഹനത്തിലുണ്ടായിരുന്നത് സംശയിക്കുന്നവരല്ല എന്ന് വ്യക്തമായതോടെ വാഹനം വിട്ട് നല്‍കിയെന്നും ഹരിശങ്കര്‍ വ്യക്തമാക്കി. തുടര്‍ന്ന് താന്‍ നേരിട്ട് മന്ത്രിയുടെ പക്കലെത്തി വിശദീകരണം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.പോലീസിന്റെ വാദം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും ചെക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. അര്‍ധരാത്രിയില്‍ ചെറുപ്പക്കാര്‍ മാത്രം സഞ്ചരിക്കുന്ന വാഹനം കണ്ടാല്‍ പരിശോധിക്കേണ്ടത് പോലീസിന്റെ ഡ്യൂട്ടി ആണെന്ന് എസ്പി ഹരിശങ്കര്‍ പറഞ്ഞു. രണ്ട് മിനുറ്റോളമാണ് വാഹനം പമ്പയില്‍ പരിശോധിച്ചത്. ശബരിമലയില്‍ നേരത്തെ സംഘര്‍ഷമുണ്ടാക്കിയ ചിലരുമായി സാമ്യമുളളവരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നതും പരിശോധനയ്ക്ക് കാരണമായി.