നൂറുവര്‍ഷത്തെ പ്രണയം പൂവണിഞ്ഞു; ആലും മാവും വിവാഹിതരായപ്പോള്‍ സദ്യയൊരുക്കി നാട്ടുകാരും

പൊന്‍കുന്നം: ഇതൊരു അത്യഅപൂര്‍വ്വ വിവാഹത്തിന്റെ കഥയാണ്….നൂറ് വര്‍ഷം പ്രേമിച്ച് ഒരുമിച്ച് തമസിച്ച് ഇരുവരും കഴിഞ്ഞ ദിവസം വിവാഹിതരായി… രണ്ട് വൃക്ഷങ്ങള്‍ തമ്മിലുള്ള വിവാഹമാണ് ഒരു നാടുമുഴുവന്‍ ആഘോഷിച്ചത്.

100 വര്‍ഷത്തിലേറെയായി ആലും മാവും സ്‌കുള്‍ മുറ്റത്ത് ഒരേ ചുവട്ടിലാണ് വളര്‍ന്നുവന്നത്. എന്നാല്‍, ഇവരുടെ ‘പ്രണയം’ പൂര്‍വവിദ്യാര്‍ത്ഥികളടക്കമുള്ള പ്രകൃതിസ്‌നേഹികള്‍ അടുത്തകാലത്താണു തിരിച്ചറിഞ്ഞത്. പിന്നെ ഇവരെ ‘ജീവിതപങ്കാളി’കളാക്കാന്‍ തീരുമാനിക്കുകയായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാധാരണ വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും വൃക്ഷമാംഗല്യത്തിനും ഒരുക്കി. നിറപറയും നിലവിളക്കും സാക്ഷിയാക്കി കതിര്‍മണ്ഡപത്തില്‍ നാദസ്വരവും കൊട്ടും കുരവയുമായാണ് അരയാലിന്റെയും തേന്മാവിന്റെയും താലികെട്ട് നടന്നത്. ഈ വിവാഹത്തിനായി പ്രത്യേക ക്ഷണക്കത്തും സംഘാടകര്‍ മുന്‍കൂട്ടി തയാറാക്കി. ചടങ്ങില്‍ സംബന്ധിച്ചവര്‍ക്കെല്ലാം വിഭവസമൃദ്ധമായ സദ്യയും നല്‍കി. ‘വിവാഹം’ നടന്ന സ്‌കൂള്‍ അങ്കണം മുത്തുക്കുടകളും പൂമാലകളും തോരണങ്ങളാലും അലങ്കരിച്ചിരുന്നു.

സ്‌കൂള്‍ മാനേജര്‍ എം.എന്‍. രാജരത്‌നം അരയാലിനു വേണ്ടി തേന്മാവില്‍ മഞ്ഞള്‍ച്ചരടില്‍ കൊരുത്ത ആലിലത്താലി ചാര്‍ത്തി. ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹ രജിസ്‌ട്രേഷനും ഉണ്ടായിരുന്നു. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരടക്കമുള്ള പ്രകൃതിസ്‌നേഹികള്‍ മുല്ലവള്ളിയടക്കമുള്ള വിവാഹസമ്മാനങ്ങള്‍ നല്‍കി.

വനം-വന്യജീവി ബോര്‍ഡംഗവും വനമിത്ര അവാര്‍ഡ് ജേതാവുമായ കെ. ബിനു, ഒയിസ്‌ക ഇന്റര്‍നാഷണല്‍ ജില്ലാ സെക്രട്ടറി ഗോപകുമാര്‍ കങ്ങഴ, വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന കോര്‍-ഓര്‍ഡിനേറ്റര്‍ എസ്. ബിജു, സ്‌കൂള്‍ സെക്രട്ടറി കെ.ടി. ബാബു, ട്രഷറര്‍ കെ.പി. ഭാസ്‌കരന്‍ പിള്ള, ഹെഡ്മാസ്റ്റര്‍ എന്‍.പി. ശ്രീകുമാര്‍, സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍ ടി.പി. രവീന്ദ്രന്‍ പിള്ള, സംസ്ഥാന യൂത്ത് കമ്മിഷനംഗം സുമേഷ് ആന്‍ഡ്രൂസ്, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന്‍ നായര്‍, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.ആര്‍. സാഗര്‍, അമ്മിണിയമ്മ പുഴയനാല്‍, പഞ്ചായത്തംഗളായ ഗിരീഷ്. എസ്. നായര്‍, കെ.ജി. കണ്ണന്‍, രവീന്ദ്രനാഥ്, സുബിത ബിനോയി, മണക്കാട്ട് ദേവസ്വം സെക്രട്ടറി പി.എസ്. മുരളീധരന്‍ പിള്ള തുടങ്ങിയവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

പി.ടി.എ. അംഗങ്ങളും വിദ്യാര്‍ത്ഥികളും നാട്ടുകാരും പ്രകൃതിസ്‌നേഹികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ് ഈ അപൂര്‍വ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹശേഷം ‘വധൂവരന്മാര്‍’ക്കൊപ്പം സെല്‍ഫിയെടുക്കാനും ആളുകള്‍ തിരക്കുകൂട്ടി.

Top