തിരുവനന്തപുരം: തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ അമ്മമാര്‍ക്കും പെറ്റു വീഴുന്ന കുഞ്ഞുങ്ങള്‍ക്കും നരകയാതന. പ്രസവം കഴിഞ്ഞ അമ്മമാരെയും നവജാത ശിശുവിനെയും കിടത്തുന്നത് നിലത്ത് വിരിച്ച പായയില്‍. പ്രസവം കഴിഞ്ഞ് ശുചിത്വം ഏറെ പ്രധാനപ്പെട്ട സമയത്ത് ഇവര്‍ ഭക്ഷണം കഴിക്കുന്നതുവരെ ഈ നിലത്തിരുന്നാണ്. പ്രസവത്തിനായി കാത്തിരിക്കുന്ന ഗര്‍ഭിണികളുടെ സ്ഥിതിയും മറിച്ചല്ല.
ടോയ്‌ലറ്റിലേക്കുള്ള വഴിയുടെ തറയില്‍ പ്രസവം കാത്തിരിക്കുന്നവരും പ്രസവിച്ച് കുട്ടിയുമായി കിടക്കുന്നവരും തിങ്ങി ഞെരുങ്ങിക്കഴിയുന്നു. താഴെയിരിക്കുന്നതിനും പിന്നീട് ആവശ്യങ്ങള്‍ക്കായി എഴുന്നേല്‍ക്കുകയും ചെയ്യുന്ന സിസേറിയന്‍ കഴിഞ്ഞ അമ്മമാരുടെ അവസ്ഥയാണ് ഏറ്റവും ബുദ്ധിമുട്ട്. വേദന കടിച്ചമര്‍ത്തി ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുകയാണ് അവര്‍. ഇതിനെല്ലാം പുറമെ തന്റെ കുഞ്ഞിന് അണുബാധ ഉണ്ടാകുമോയെന്ന ഭയവും.
സംസ്ഥാനത്ത് പ്രസവത്തിന് മികച്ചതെന്ന് വിലയിരുത്തുന്ന ആശുപത്രിയുടെ അവസ്ഥയാണിത്. നിറങ്ങളുടെ ലോകത്തേക്ക പുതിയതായി കടന്നുവരുന്ന കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്നത് ഇതെല്ലാമാണ്. ആരോഗ്യ രംഗത്ത് കേരളം നമ്പര്‍ വണ്ണെന്ന് പറയുമ്പോള്‍ ഇങ്ങനെയുള്ള അവസ്ഥ മറക്കരുത്. പിറന്ന് വീണ കുട്ടിയ്ക്കും അമ്മയ്ക്കും സുരക്ഷിതമായി കിടക്കാന്‍ പോലും നമുക്ക് ഉറപ്പു നല്‍കാനാവുന്നില്ല. ഇത്രയും പ്രശസ്തമായ ഈ ആശുപത്രിയില്‍ ഇങ്ങനെയൊക്കെ നടന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നുപോലുമില്ലെന്നത് വേദനിപ്പിക്കുന്ന വസ്തുതയാണ്.