കേരളത്തിലെ സാധാരണക്കാര്‍ക്ക് തണലാകുന്നത് സഹകരണ സ്ഥാപനങ്ങളെന്ന് റിസര്‍വ്വ് ബാങ്കിന്റെ പഠനം; ദരിദ്രരുടെ ഇടയില്‍ വാണിജ്യ ബാങ്കുകളേക്കാര്‍ സഹായമാകുന്നത് ഇത്തരം ബാങ്കുകള്‍

കൊച്ചി: കേരളത്തില്‍ ദരിദ്രരുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഉതകുന്നത് വാണിജ്യബാങ്കുകളെക്കാള്‍ സഹകരണ സ്ഥാപനങ്ങളാണെന്ന് 2013 ലെ റിസര്‍വ്വ് ബാങ്ക് പഠനം. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസു (സിഎസ്ഇഎസ്) മായി ചേര്‍ന്നായിരുന്നു റിസര്‍വ് ബാങ്ക് പഠനം നടത്തിയത്. സഹകരണസ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ആക്രമണം ആരംഭിച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ ഏറെ പ്രസക്തമാകുയാണ് ഈ പഠനം.

വാണിജ്യ ബാങ്കുകളുടെ വായ്പാപദ്ധതികള്‍ ദരിദ്രരുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന വിധത്തില്‍ പുനഃക്രമീകരിക്കണമെന്ന് നിര്‍ദേശിച്ച പഠനം ഈ രംഗത്ത് സഹകരണ സ്ഥാപനങ്ങളാണ് കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഠനവിധേയരായ ഗ്രാമീണ ദരിദ്രരില്‍ അറുപതു ശതമാനം പേരും സഹകരണ സംഘങ്ങളില്‍ അംഗത്വം ഉള്ളവരാണ്. അവര്‍ കൂടുതലായി ആശ്രയിക്കുന്ന സ്വയം സഹായ സംഘങ്ങളും സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. സമീപിക്കാന്‍ ഏറ്റവും പറ്റിയ ധനസ്ഥാപനങ്ങളായി ദരിദ്രര്‍ കാണുന്നത് സഹകരണ സ്ഥാപനങ്ങളെയാണ്. പലിശ കുറവായിട്ടും വാണിജ്യ ബാങ്കുകള്‍ക്ക് ഈ സ്വീകാര്യത ഇല്ല. കടത്തിന്റെ കണക്കെടുത്താലും ദരിദ്രര്‍ കൂടുതല്‍ ആശ്രയിക്കുന്നത് സഹകരണ സ്ഥാപനങ്ങളെ ആണെന്നാണ് വ്യക്തമാകുന്നത്. ഗ്രാമീണ ദരിദ്രരില്‍ 44 ശതമാനം കുടുംബങ്ങളും സഹകരണ സ്ഥാപനങ്ങള്‍ക്ക് കടക്കാരാണ്. എന്നാല്‍ ബാങ്കുകളില്‍ കട ബാധ്യതയുള്ളവര്‍ 12 ശതമാനം മാത്രം.

ദരിദ്രരുടെ സാമ്പത്തിക ആവശ്യങ്ങളോട് കൂടുതല്‍ നന്നായി പ്രതികരിക്കുന്നതും സഹകരണ സ്ഥാപനങ്ങളാണ്. വാണിജ്യ ബാങ്കുകളിലെ സങ്കീര്‍ണമായ നടപടിക്രമങ്ങളും വായ്പ കിട്ടാനെടുക്കുന്ന കൂടിയ സമയവും ജനങ്ങളെ അകറ്റുന്നുണ്ടാകാം. അതേസമയം സഹകരണ സൊസൈറ്റി ഭാരവാഹികള്‍ സ്വന്തം ഗ്രാമത്തില്‍ നിന്നുള്ളവരായതിനാല്‍ ഇവരെ കൂടുതല്‍ പരിചയമുണ്ടാകും. ഇത് ഇത്തരം സ്ഥാപനങ്ങളെ ദരിദ്രര്‍ക്ക് കൂടുതല്‍ സ്വീകാര്യമാക്കുന്നുണ്ടാകാം. ദരിദ്രരെ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താനുള്ള ബാങ്കുകളുടെ പരിശ്രമത്തില്‍ പ്രാദേശികമായി വേരുകളുള്ള പ്രാഥമിക സഹകരണസംഘങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്നും പഠനം ചൂണ്ടിക്കാട്ടിയിരുന്നു.

കൊച്ചി നഗരത്തിന്റെ പ്രാന്തപ്രദേശത്തും നഗരത്തിലെ ചേരികളിലുമായുള്ള ദരിദ്ര കുടുംബങ്ങളില്‍നിന്ന് അവരുടെ ഒരുമാസത്തെ വരവ് ചെലവ് കണക്കുകള്‍ ശേഖരിച്ചായിരുന്നു പഠനം.

പഠനറിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇവിടെ ലഭിക്കും

Top