”അവരെ താലോലിക്കൂ, മടികൂടാതെ അവര്‍ക്ക് മുലകൊടുക്കൂ, കാരണം അതും സ്‌നേഹത്തിന്റെ ഭാഷയാണ്”, വത്തിക്കാനിലെ സിസ്റ്റിനെ ചാപ്പലില്‍ വച്ച് കഴിഞ്ഞ ദിവസം പോപ്പ് ഫ്രാന്‍സിസ് പറഞ്ഞ വാക്കുകളാണ് ഇത്. പോപ്പിനെ കൊണ്ട് മാമോദീസ മുക്കിക്കാന്‍ ഇവിടെ 34 കുരുന്നുകള്‍ എത്തിയപ്പോഴായിരുന്നു അത്. ആളുകളുടെ എണ്ണം വര്‍ധിച്ചതിനാല്‍ കുര്‍ബാന നീണ്ടപ്പോള്‍ കുഞ്ഞുങ്ങളെ പട്ടിണിക്കിടരുതെന്നും അവര്‍ക്ക് മടിക്കാതെ മുലകൊടുക്കാനും പോപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു. പൊതു സ്ഥലങ്ങളില്‍ മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് കടുത്ത പരിഹാസമാണ് ചില രാജ്യങ്ങളില്‍ ഇന്നും നേരിടേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് പുരോഗമനപരവും മനുഷ്യത്വപരവുമായ പോപ്പിന്റെ നിര്‍ദേശം. 18 പെണ്‍കുട്ടികളെയും 16 ആണ്‍കുട്ടികളെയുമാണ് പോപ്പ് അന്ന് മാമോദീസ മുക്കിയത്. ചടങ്ങ് രണ്ട് മണിക്കൂറോളം നീങ്ങുകയും ചെയ്തിരുന്നു. ഇതില്‍ രണ്ട് ജോഡി ഇരട്ടകളും ഉള്‍പ്പെട്ടിരുന്നു. കുഞ്ഞുങ്ങളില്‍ ചിലര്‍ അതിനിടെ വിശന്ന് കരയാന്‍ തുടങ്ങിയപ്പോഴായിരുന്നു അവര്‍ക്ക് മുല കൊടുക്കാന്‍ മാര്‍പാപ്പ നിര്‍ദേശിച്ചത്. ചര്‍ച്ചിലാണെന്ന് കരുതി മുലയൂട്ടാന്‍ മടിക്കേണ്ടെന്നും കുരുന്നുകളെ പട്ടിണിക്കിടരുതെന്നുമായിരുന്നു പോപ്പിന്റെ നിര്‍ദ്ദേശം. മുലയൂട്ടലെന്നത് സ്‌നേഹത്തിന്റെ ഭാഷയാണെന്നായിരുന്നു പോപ്പ് അഭിപ്രായപ്പെട്ടത്. 2014ല്‍ നടന്ന മറ്റൊരു ചടങ്ങില്‍ വച്ചും പോപ്പ് സമാനമായ അഭിപ്രായം പോപ്പ് പ്രകടിപ്പിച്ചിരുന്നു. കുഞ്ഞുങ്ങള്‍ വിശന്ന് കരഞ്ഞാല്‍ അധികം ചിന്തിച്ച് നില്‍ക്കാതെ അവര്‍ക്ക് മുലയൂട്ടുക തന്നെ വേണമെന്നായിരുന്നു അന്നും അദ്ദേഹം അവിടെ കൂടിയിരുന്ന അമ്മമാരോട് നിര്‍ദേശിച്ചിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ചര്‍ച്ചില്‍ വച്ച് ഒരു സ്ത്രീ കുട്ടിക്ക് ബോട്ടിലില്‍ പാല് നല്‍കുന്ന ടെലിവിഷന്‍ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
‘മടികൂടാതെ മുലകൊടുക്കൂ’; കുര്‍ബാനക്കിടെ കുഞ്ഞുങ്ങള്‍ കരഞ്ഞപ്പോള്‍ മാര്‍പാപ്പ അമ്മമാര്‍ക്ക് നിര്‍ദേശം നല്‍കി…
Tags: pope francis