കന്യാസ്ത്രീയാകാന്‍ കന്യകയാകേണ്ട, മറിച്ച് ആത്മീയ കന്യകാത്വം മാത്രം മതി ;വിവാദത്തില്‍ മുങ്ങി പോപ്പ് ഫ്രാന്‍സിസ്

പോപ്പിന്റെ ഏറ്റവും പുതിയ പരിഷ്‌കാരം ഇപ്പോള്‍ വലിയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തുകയാണ്. പോപ്പിന്റെ പുതിയ പരിഷ്‌കാരം അനുസരിച്ച് സഭയില്‍ കന്യാസ്ത്രീയാകാന്‍ കന്യകയാകേണ്ട, മറിച്ച് ആത്മീയ കന്യകാത്വം മാത്രം മതിയെന്നും ശാരീരിക കന്യകാത്വം ആവശ്യമില്ലെന്നുമാണ്. എന്നാല്‍ പുതിയ തീരുമാനത്തിനെതിരെ സമ്മിശ്രപ്രതികരണമാണ് ലോകമെമ്പാടും ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്. ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച വത്തിക്കാന്‍ ഡോക്യുമെന്റായ എക്ലെസിയ സ്‌പോന്‍സായ് ഇമാഗോയിലുള്ള ഒരു ക്ലോസിലാണ് കന്യാസ്ത്രീയാകുന്നവര്‍ക്ക് ശാരിരിക കന്യകാത്വം നിര്‍ബന്ധമില്ലെന്ന നിലപാട് വത്തിക്കാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ‘ക്രിസ്തുവിന്റെ മണവാട്ടിമാര്‍’ എന്നറിയപ്പെടുന്ന കന്യാസ്ത്രീകള്‍ക്ക് ആജീവനാന്തം കന്യകാത്വം വേണമെന്നതാണ് പരമ്പരാഗത വിശ്വാസം. അവര്‍ ദൈവസ്മരണയില്‍ സ്വയം സമര്‍പ്പിതമായി സേവനം ചെയ്യുന്നതിന് ഇത് നിര്‍ബന്ധമാണെന്ന നിലപാടാണ് പരമ്പരാഗത വിശ്വാസികള്‍ക്കുള്ളത്. ഇതില്‍ നിന്നും വേറിട്ട തികച്ചും വ്യത്യസ്തമായ നിര്‍ദേശവുമായിട്ടാണ് പോപ്പ് ഫ്രാന്‍സിസ് ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുന്നത്.

ക്രിസ്തുവിനെ വിശുദ്ധഭാവത്തോടെ ഭര്‍ത്താവായി സങ്കല്‍പ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ ഏറി വരുന്നുണ്ടെന്നും ഇക്കൂട്ടത്തില്‍ വിവാഹം കഴിഞ്ഞ് കുടുംബജീവിതം നയിച്ച സ്ത്രീകളടക്കമുള്ള ഏത് പ്രായത്തിലുള്ളവരുണ്ടെന്നും അതിനാല്‍ അത്തരക്കാര്‍ക്ക് കന്യകാത്വമില്ലെന്ന് പറഞ്ഞ് അവരുടെ സമര്‍പ്പണമനോഭാവത്തെ നിഷേധിക്കാനാവില്ലെന്നുമാണ് വത്തിക്കാന്‍ ഡോക്യുമെന്റ് പുതിയ നീക്കത്തിന് ന്യായീകരണം നല്‍കിയിരിക്കുന്നത്. അതേസമയം, ഈ പുതിയ തീരുമാനം ഞെട്ടലുണ്ടാക്കുന്നുവെന്നാണ് യുഎസ് അസോസിയേഷന്‍ ഓഫ് കോണ്‍സെക്രാറ്റഡ് വെര്‍ജിന്‍സ് പ്രതികരിച്ചിരിക്കുന്നത്. വിശുദ്ധീകരണത്തിന് ശാരീരിക കന്യകാത്വം അത്യാവശ്യം വേണ്ടെന്ന നിലപാടിനോട് യോജിക്കാനാവില്ലെന്നും ഈ സംഘടന പറയുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലോകമാകമാനം വിശുദ്ധീകരണത്തിന് വിധേയരായയ 5000ത്തോളം കന്യകമാരാണുള്ളത്. ഇതില്‍ 230 പേര്‍ യുകെയിലും 200 പേര്‍ യുഎസിലുമാണ്. ആജീവനാന്ത കാലം ക്രിസ്തുവിന് സമര്‍പ്പിതമായി ബ്രഹ്മചര്യത്തോടെ ജീവിക്കാമെന്ന സത്യപ്രസ്താവനയാണ് വിശുദ്ധീകരണത്തിന് വിധേയരാകുന്ന സ്ത്രീകള്‍ പാലിക്കേണ്ടി വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top