
കൊച്ചി:പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. കേസ് സിബിഐ ഉടൻ ഏറ്റെടുക്കണം. സർക്കാർ ശുപാർശയിൽ ഉടൻ തീരുമാനമെടുക്കണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.എല്ലാ ബ്രാഞ്ചുകളും അടച്ചു പൂട്ടി സ്വർണവും പണവും കണ്ടു കെട്ടണം. പരാതികൾ പ്രത്യേക കേസുകളായി രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തെ സർക്കാർ പരാതികളെല്ലാം ഒറ്റക്കേസാക്കി അന്വേഷിക്കുന്നതിന് ഇറക്കിയ സർക്കുലർ റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിർദേശം. ജസ്റ്റിസ് വി.ജി. അരുൺ ആണ് കേസ് പരിഗണിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി താത്കാലികമായി മരവിപ്പിച്ചു. ഒറ്റ എഫ്‌ഐആർ ഇടാനുള്ള ഡിജിപിയുടെ ഉത്തരവാണ് മരവിപ്പിച്ചത്. ഓരോ പരാതിയിലും പ്രത്യേകം എഫ്‌ഐആർ ഇടാൻ ഹൈക്കോടതി നിർദേശിച്ചു. എല്ലാ ജില്ലാ കളക്ടർമാരും ജില്ലയിലെ പോപ്പുലർ ബ്രാഞ്ചുകൾ ഏറ്റെടുത്ത് മുദ്രവയ്ക്കണം. സ്വർണവും പണവും പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ദിവസമാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐക്ക് വിടാൻ തയാറാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കേന്ദ്രത്തിന് ഇത് സംബന്ധിച്ച് കത്തയച്ചതായും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കണമെന്ന് പറഞ്ഞ കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിരുന്നു.
അതേ സമയം കേസ് അന്വേഷണത്തിന് സർക്കാരിന്റെ പൂർണ സഹകരണം ആവശ്യമാണെന്ന് സിബിഐ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. അന്വേഷണം സിബിഐയെ ഏൽപിക്കുകയാണെങ്കിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒരു പ്രത്യേക സംഘം രൂപീകരിക്കാൻ നിർദേശിക്കണമെന്നും സിബിഐ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചു. ഇത് കോടതി അംഗീകരിച്ചിട്ടുണ്ട്.
തട്ടിപ്പ് സംബന്ധിച്ച് ഇതുവരെ മൂവായിരത്തിലേറെ പരാതികൾ ലഭിച്ചെന്നും അന്വേഷണം ഇഴയുന്നെന്ന പരാതിക്ക് അടിസ്ഥാനമില്ലെന്നും പത്തനംതിട്ട പൊലീസ് മേധാവി കെ.ജി സൈമൺ ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയിരുന്നു. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലായി 238 ശാഖകളാണു പോപ്പുലർ ഫിനാൻസ് ലിമിറ്റഡിനുള്ളത്. നിക്ഷേപകരുടെ എണ്ണം ഏകദേശം ഇരുപതിനായിരത്തിലേറെയാണ്. 1600 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണു പ്രാഥമിക കണക്കെടുപ്പിൽ നിന്നു മനസ്സിലാകുന്നത്.
ഒരു കമ്പനിയുടെ പേരിൽ പണം വാങ്ങി മറ്റു കമ്പനികളിലേക്ക് വകമാറ്റിയ ഗുരുതര സാമ്പത്തിക കുറ്റകൃത്യമാണ് പോപ്പുലർ ഫിനാൻസ് ഉടമകൾ ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തൽ. പോപ്പുലർ ഫിനാൻസ് എന്ന സ്ഥാപനത്തെ മുൻനിർത്തിയായിരുന്നു ഇടപാടുകൾ. ശാഖയിൽ സ്വീകരിക്കുന്ന പണം 21 വ്യത്യസ്ത കമ്പനികളിലേക്ക് നിക്ഷേപകരറിയാതെ വകമാറ്റുകയാണ് ഉടമകൾ ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തി.
2014ൽ പോപ്പുലർ ഫിനാൻസിനെതിരെ കേരളത്തിൽ ക്രൈം ബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തിരുന്നു. നിക്ഷേപം സ്വീകരിക്കൽ, വായ്പ നൽകൽ ഉൾപ്പെടെ ധനമിടപാടുമായി ബന്ധപ്പെട്ടായിരുന്നു കേസ്. എന്നാൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി സ്ഥാപനം മുന്നോട്ടുപോയി. പോപ്പുലർ ഫിനാൻസ്, പോപ്പുലർ എക്സ്പോർട്സ്, പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ മിനി ഫിനാൻസ്, പോപ്പുലർ പ്രിന്റേഴ്സ് തുടങ്ങിയ കമ്പനികളാക്കി അതിലേക്കാണ് നിക്ഷേപങ്ങൾ വകമാറ്റിയിരുന്നത്. 200 പേരിൽ കൂടുതൽ നിക്ഷേപം സ്വീകരിക്കാൻ കഴിയാത്ത സ്ഥാപനത്തിന് 250 ശാഖകളിൽ ആയിരക്കണക്കിന് നിക്ഷേപകരും രണ്ടായിരത്തോളം കോടി രൂപ നിക്ഷേപവും ഉണ്ടെന്നു പൊലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് റോയ് ഡാനിയൽ, ഭാര്യ പ്രഭ ഡാനിയൽ, മക്കളായ റിനു മറിയം തോമസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ), റിയ ആന്‍ തോമസ് (ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.