പോപ്പുലര്‍ ഫിനാന്‍സ് ; നിക്ഷേപകരെ വഞ്ചിക്കുന്നതാര്?,എന്തുകൊണ്ട് നിക്ഷേപകരുടെ സംഘടന നിശബ്ദമാകുന്നു?

പോപ്പുലര്‍ നിക്ഷേപക സംഘടനയില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നു. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ പ്രതികളെയും ഇതില്‍ പങ്കാളികളായ മാനേജര്‍മാരെയും സംരക്ഷിക്കുവാന്‍ മുന്നിട്ടിറങ്ങിയ ബാബു തോമസ്, ഓജസ് ജോസഫ് എന്നിവരെ പി.എഫ്.ഡി.എ നേതൃത്വം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ഇപ്പോഴുള്ള തര്‍ക്കം. രണ്ടുപേരും പി.എഫ്.ഡി.എ എന്ന സംഘടനയുടെ കോട്ടയത്തേയും ചങ്ങനാശ്ശേരിയിലെയും സംഘാടകരാണെന്ന് നിക്ഷേപകര്‍ പറയുന്നു.

മേറ്റോ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പോപ്പുലര്‍ പ്രതികളെയും ജീവനക്കാരെയും സംരക്ഷിക്കുവാനുള്ള പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നതെന്ന് തട്ടിപ്പിനിരയായ നിക്ഷേപകര്‍ പറയുന്നു. മേറ്റോ ഗ്രൂപ്പില്‍ നിക്ഷേപകരെയും അംഗങ്ങള്‍ ആക്കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിക്ഷേപകരുടെ ഏറ്റവും വലിയ സംഘടനയാണ് പോപ്പുലര്‍ ഫിനാന്‍സ് ഡിപ്പോസിറ്റേഴ്സ് അസോസിയേഷന്‍ അഥവാ പി.എഫ്.ഡി.എ . എണ്ണായിരത്തോളം അംഗങ്ങള്‍ ഇതിലുണ്ട് . പോപ്പുലര്‍ ഫിനാന്‍സിന്റെ ഓരോ ശാഖയും കേന്ദ്രീകരിച്ച് പ്രത്യേകം കമ്മിറ്റികളും ഈ സംഘടനക്കുണ്ട്.

സി.എസ് നായര്‍ ആണ് ഈ സംഘടനയുടെ പ്രസിഡന്റ്. കഴിഞ്ഞ നാളുകളില്‍ വളരെ ശക്തമായ പ്രവര്‍ത്തനമാണ് സംഘടന നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രവര്‍ത്തനം ഒന്നും നടക്കുന്നില്ലെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു.

സംഘടനയില്‍ നിന്നുകൊണ്ടുതന്നെ വിമത പ്രവര്‍ത്തനം നടത്തുകയും നിക്ഷേപകരുടെ താല്‍പ്പര്യത്തിനു വിരുദ്ധമായി പ്രതികളെ സംരക്ഷിക്കുവാന്‍ശ്രമിക്കുകയും ചെയ്യുന്നവരെ നേത്രുത്വം സംരക്ഷിക്കുകയാണെന്ന് നിക്ഷേപകര്‍ പറയുന്നു. നിക്ഷേപകരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്ന ഇവരെ എന്തുകൊണ്ട് സംഘടനയില്‍ നിന്നും പുറത്താക്കുന്നില്ല എന്നാണ് പി.എഫ്.ഡി.എ യിലെ അംഗങ്ങള്‍ ചോദിക്കുന്നത്. ഒത്തുതീര്‍പ്പു ചര്‍ച്ചകളുമായാണ് കോട്ടയം സ്വദേശി ബാബു തോമസും ചങ്ങനാശ്ശേരി സ്വദേശി ഓജസ് ജോസഫും രംഗത്തെത്തിയത്.

തുടക്കം മുതല്‍തന്നെ ഇവരുടെ നടപടികള്‍ സംശയാസ്പദമായിരുന്നു. നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനപ്പുറം തട്ടിപ്പ് നടത്തിയവരെ രക്ഷപെടുത്താനായിരുന്നു ഇവരുടെ നീക്കങ്ങള്‍. ഓരോ പദ്ധതികള്‍ പരാജയപ്പെടുമ്പോഴും മറ്റൊന്നുമായി ഇവരെത്തുമായിരുന്നു എന്നാണ് ആരോപണം. പോപ്പുലര്‍ പ്രതികളുമായും അവരുടെ ബന്ധുക്കളുമായും വളരെ അടുത്ത ബന്ധം ഇവര്‍ക്കുണ്ട്.

തട്ടിപ്പില്‍ പങ്കാളികളായ മാനേജര്‍മാര്‍ക്കും സോണല്‍ മാനേജര്‍മാര്‍ക്കും ഇവര്‍ പരസ്യ പിന്തുണയും നല്‍കിയിരുന്നു. നിക്ഷേപകര്‍ക്ക് ഒന്നും തിരിച്ചുകിട്ടില്ലെന്നും വേണമെങ്കില്‍ പത്തുശതമാനം പണം വാങ്ങിത്തരാമെന്നും ഇവര്‍ പറഞ്ഞതായാണ് സൂചന. നിക്ഷേപകരുടെ സംഘടനയില്‍ നിന്നുകൊണ്ടുതന്നെ അവരെ വഞ്ചിക്കുന്ന ബാബു തോമസിനെയും ഓജസ് ജോസഫിനെയും പുറത്താക്കുവാന്‍ മടികാണിക്കുന്ന നേത്രുത്വത്തിനെതിരെ അംഗങ്ങള്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു.

സംഘടനയില്‍ ജനാധിപത്യം നഷ്ടപ്പെട്ടുവെന്നും ഏതാനും ചിലരുടെ താല്‍പ്പര്യം അംഗങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും നിക്ഷേപകര്‍ പറയുന്നു. സംഘടനാ പ്രവര്‍ത്തനം മന്ദഗതിയിലായത് കോവിഡ്‌ വ്യാപനം രൂക്ഷമായതിനാലാണെന്ന് നേത്രുത്വം പറയുമ്പോള്‍ നിക്ഷേപകരും മറുചോദ്യവുമായി വാട്സ് ആപ്പ് ഗ്രൂപ്പില്‍ സജീവമാണ്.

നിക്ഷേപകരെ വഞ്ചിക്കുന്ന മാറ്റോ ഗ്രൂപ്പിന്റെ പിന്നില്‍ ആരാണ്, എന്തുകൊണ്ട് അവരെ സംഘടനയില്‍ നിന്നും പുറത്താക്കുന്നില്ല, തട്ടിപ്പിന് ഇരയായ നിക്ഷേപകരെ വീണ്ടും ചതിയില്‍പ്പെടുത്തുവാന്‍ സംഘടനയിലെ തന്നെ ചിലര്‍ ശ്രമിക്കുമ്പോള്‍ എന്താണ് പി.എഫ്.ഡി.എ സംഘടനയുടെ നിലപാട്, തുടങ്ങിയ ചോദ്യങ്ങള്‍ മിക്കവരും ഉന്നയിക്കുന്നു. സംഘടനാ നേത്രുത്വത്തിലെ ചിലര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുമ്പോഴും ഇതിന് വ്യക്തമായ മറുപടി നല്‍കാതെ പലരും ഒഴിഞ്ഞുമാറുകയാണ്. ഇതും നിക്ഷേപകരില്‍ കടുത്ത ആശങ്കയും വേദനയും ഉണ്ടാക്കിയിട്ടുണ്ട്

ഇതിന് മുമ്പും പോപ്പുലര്‍ നിക്ഷേപക സംഘടനയെ തകര്‍ക്കുവാന്‍ ശ്രമം ഉണ്ടായിട്ടുണ്ട്. ഒന്നിച്ചുനിന്ന നിക്ഷേപകരെ പല ചേരിയിലും ഗ്രൂപ്പിലും ആക്കുക എന്നതാണ് പ്രതികളുടെ ലക്ഷ്യവും. ഇതോടെ വ്യക്തമായ തീരുമാനമോ ലക്ഷ്യമോ ഇവര്‍ക്ക് നഷ്ടപ്പെടും. പരസ്പരം തര്‍ക്കിച്ചു നില്‍ക്കുമ്പോള്‍ പ്രതികള്‍ക്ക് രക്ഷപെടുവാന്‍ അവസരം ഒരുങ്ങുകയും ചെയ്യും.

ശക്തമായ പ്രവര്‍ത്തനവുമായി മുമ്പോട്ടു പോയ പി.എഫ്.ഡി.എ യില്‍ ചിലരെ തിരുകിക്കയറ്റി മാറ്റോ ഗ്രൂപ്പ് ഉണ്ടാക്കിയതിനു പിന്നിലും പോപ്പുലര്‍ പ്രതികള്‍ തന്നെയാണെന്നാണ് സൂചന. എന്നാല്‍ പി.എഫ്.ഡി.എ നേതൃത്വം എന്തുകൊണ്ട് നിശബ്ദരായി എന്നതാണ് ഇപ്പോള്‍ നിഷേപകരുടെ പ്രധാന സംശയം.

Top