കൊച്ചി :കോടികളുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായ ബന്ധപ്പെട്ട് 200 കേസുകളില്‍ കൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അറസ്റ്റ്.ജുഡീഷല്‍ കസ്റ്റഡിയിലുള്ള അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ എല്ലാ കേസുകളിലും പ്രതികള്‍ക്ക് പ്രത്യേക ജാമ്യം നേടേണ്ടിവരും. പ്രതികളായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍ (റോയി), ഡയറക്ടര്‍ പ്രഭാ തോമസ്, സിഇഒ റീനു, ഡയറക്ടര്‍മാരായ റേബ, റിയ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുന്നത്. ഇതിനിടെ പ്രതികള്‍ നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി വിചാരണക്കോടതിയുടെ പരിഗണനയ്ക്കായി വിട്ടിരുന്നു. ആലപ്പുഴയില്‍ സാന്പത്തികക്കുറ്റങ്ങള് കൈകാര്യം ചെയ്യുന്ന കോടതിയുടെ പരിഗണനയിലാണ് പോപ്പുലര്‍ തട്ടിപ്പുകേസ്. അറസ്റ്റ് രേഖപ്പെടുത്തി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന വാദം ഉന്നയിച്ചാണ് ജാമ്യാപേക്ഷ ഹൈക്കോടതിയിലെത്തിയത്.
അതേസമയം പോപ്പുലർ ഫിനാൻസിന്റെ ജില്ലയിലെ മുഴുവൻ സ്വത്തും ജപ്തി ചെയ്യുന്ന ജില്ലാ ഭരണ കൂടത്തിന്റെ നടപടി ക്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്. ജില്ലയിൽ പോപ്പുലർ ഫിനാൻസിന്റെ 38 ശാഖകളിലെയും ആസ്തികളുടെ കണക്കെടുപ്പ് ഏതാണ്ട് പൂർത്തിയായി. പൊലീസ് സാന്നിദ്ധ്യത്തിൽ ശാഖകൾ തുറന്ന് പരിശോധിച്ചാണ് തഹസീൽദാർമാരുടെ നേതൃത്വത്തിൽ റിപ്പോർട്ട് തയ്യാറാക്കിയത്. ശാഖകളിലുള്ള സാധനങ്ങൾ, ലോക്കറിൽ സൂക്ഷിച്ചിരുന്ന പണയ സ്വർണം, പണം എന്നിവയും രേഖപ്പെടുത്തും. കൊല്ലം ആർ.ഡി.ഒയുടെ നിയന്ത്രണത്തിലുള്ള കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലായി 19 ശാഖകളാണ് പോപ്പുലർ ഫിനാൻസിനുള്ളത്. പുനലൂർ ആർ.ഡി.ഒയുടെ നിയന്ത്രണത്തിലുള്ള പുനലൂർ, കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിലായി 19 ശാഖകളുമുണ്ട്. ജില്ലയിൽ പൂയപ്പള്ളി വില്ലേജിലെ അഞ്ച് സെന്റ് സ്ഥലവും കെട്ടിടവും മാത്രമാണ് പോപ്പുലർ ഫിനാൻസിന് സ്വന്തമായുള്ളത്. ശേഷിക്കുന്ന 37 ശാഖകളും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്. തഹസീൽദാർമാർ നൽകുന്ന റിപ്പോർട്ട് ക്രോഡീകരിച്ച് രണ്ട് ആർ.ഡി.ഒമാരും 31ന് കളക്ടർക്ക് റിപ്പോർട്ട് നൽകും.