ഡല്‍ഹി : രാജ്യത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ട് ഇന്ത്യാ ടുഡേ.രാജ്യത്തും പിന്നീട് മറ്റു സ്ഥലങ്ങളിലും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സമ്മതിക്കുന്നത്.
സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും ഒളിക്യാമറയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പറയുന്നുണ്ട്.
ഹാദിയയുടെ മതംമാറ്റവും വിവാഹവും തുടര്‍ന്നുള്ള വിവാദങ്ങളിലും സുപ്രീം കോടതി നിര്‍ണ്ണായകമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് നേതാക്കളുടെ സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പ് ഇന്ത്യ റ്റുഡേ ചാനല്‍ ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമണ്‍സ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരുടെ വാക്കുകളാണ് ചാനല്‍പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.
മതപരിവര്‍ത്തനത്തിന്റെ നടപടിക്രമങ്ങള്‍ എങ്ങനെയാണെന്ന് ചോദിക്കുന്ന റിപ്പോര്‍ട്ടറോട് മതപരിവര്‍ത്തനമെന്ന പേര് തങ്ങള്‍ ഉപയോഗിക്കാറില്ലെന്നും അത് ആര്‍.എസ്.എസുകാര്‍ പ്രശ്‌നമുണ്ടാക്കുമെന്നുമാണ് സൈനബ പറയുന്നത്.
മറ്റ് വല്ല പേരിലും ഒരു കേന്ദ്രം തുടങ്ങണം. മഞ്ചേരിയിലെ സത്യസരണിയും അതുപോലെ മതം മാറ്റ കേന്ദ്രമല്ല. അതൊരു ചാരിറ്റബിള്‍ സ്ഥാപനമാണ്. അത്തരമൊരു പേരിലാണ് നമ്മള്‍ തുടങ്ങുന്നത്. മതം മാറുന്നവര്‍ അവിടെ തന്നെ താമസിക്കുകയും മതം മാറുകയുമല്ലേ ചെയ്യുന്നതെന്ന ചോദ്യത്തിന് അതേയെന്നാണ് മറുപടി. അവര്‍ അക്കാര്യം പുറത്തുപറയില്ലേ എന്ന് ചോദിക്കുമ്പോള്‍ അതിന് സാധ്യത കുറവാണെന്നും മതം മാറിയ ശേഷമായിരിക്കുമല്ലോ അവര്‍ പുറത്തുപോവുകയെന്ന് സൈനബ പറയുന്നു.
സത്യസരണിയെ ഔദ്യോഗികമായി മതംമാറ്റ കേന്ദ്രമെന്ന് വിളിക്കാറില്ലെന്നും പകരം വിദ്യാഭ്യാസ സ്ഥാപനമെന്നാണ് പറയുന്നതെന്ന് പറയുന്ന സൈനബ ഇത്തരം സ്ഥാപനങ്ങള്‍ എങ്ങനെയാണ് നടക്കുന്നതെന്നും വിവരിക്കുന്നുണ്ട്. 15 ഓളം പേരെ ഉള്‍പ്പെടുത്തി ഒരു ട്രസ്റ്റ് ഉണ്ടാക്കിയ ശേഷം സെന്ററിന് പറ്റിയ സ്ഥലം കണ്ടെത്തുകയും അവിടെ പള്ളി, ഭക്ഷണതാമസ സൗകര്യം എന്നിവയെല്ലാം തയ്യാറാക്കുകയും വേണം.
ശേഷം സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തനം തുടങ്ങുന്നത്. മതംമാറ്റ കേന്ദ്രം എന്ന നിലയില്‍ ആയിരിക്കില്ല രജിസ്റ്റര്‍ ചെയ്യുന്നത്. അതിന് ശേഷം വിദ്യാഭ്യാസത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും വിഭവങ്ങള്‍ വേണം.
ഇസ്ലാമിനെ കുറിച്ചും നമസ്‌കാരം പോലുള്ള കാര്യങ്ങളെക്കുറിച്ചും മതം മാറുന്നവരെ പഠിപ്പിക്കും. മതം മാറുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ മറ്റ് സ്ഥാപനങ്ങളെ ബന്ധപ്പെടും.
സത്യസരണിയില് നിന്ന് മതം മാറിയെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ഇതൊരു മതം മാറ്റ കേന്ദ്രമാണെന്ന് മറ്റുള്ളവര്‍ അറിയില്ലേ എന്ന ചോദ്യത്തിന്, മറ്റ് സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ അതല്ലെങ്കില്‍ നോട്ടറിയുടെ സാന്നിദ്ധ്യത്തില്‍ സ്വയം സാക്ഷ്യപ്പെടുത്തുകയോ ചെയ്യുമെന്നാണ് മറുപടി.
സര്‍ക്കാര്‍ അനുമതിയോടെ മതം മാറ്റാന്‍ അനുവാദമുള്ള പൊന്നാനിയിലെ മഊനത്തുല്‍ ഇസ്ലാം, കോഴിക്കോട്ടെ തര്‍ബിയ്യത്തുല്‍ ഇസ്ലാം എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെടാറുണ്ടെന്നും സൈനബ പറയുന്നു. വിവാദമായ ഹാദിയയുടെ മതം മാറ്റത്തെക്കുറിച്ച് സൈനബ ഒന്നും സംസാരിച്ചില്ല.
പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഡല്‍ഹിയില്‍ വെച്ചാണ് സ്ഥാപക നേതാവായ അഹമ്മദ് ഷരീഫുമായി സംസാരിച്ചതെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്.no
സംഘടനയുടെയും സത്യസരണയിടെയും അന്തിമ ലക്ഷ്യം രാജ്യത്തും ലോകത്ത് എല്ലായിടത്തും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണെന്ന് അഹമ്മദ് ഷരീഫ് പറയുന്നു.
ഇന്ത്യയില്‍ ഇസ്ലാമിക രാജ്യം സ്ഥാപിതമായാല്‍ അവര്‍ മറ്റൊരിടത്തേക്ക് പോകും. എല്ലാ മുംസ്ലിംങ്ങളുടെയും ലക്ഷ്യം അത് തന്നെയാണ്. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗള്‍ഫില്‍ നിന്ന് 10 ലക്ഷത്തോളം രൂപ ശേഖരിച്ചെന്നും അത് ഹവാല വഴിയാണ് ഇന്ത്യയില്‍ എത്തിച്ചതെന്നും ഷരീഫ് പറയുന്നുണ്ട്. നേരിട്ടും ഹവാല വഴിയുമൊക്കെ പണം ലഭിക്കാറുണ്ടെന്നും ഷരീഫ് സമ്മതിക്കുന്നുണ്ട്.
ഹാദിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ടിനും സത്യസരണിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എന്‍.ഐ.എ കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ കേസിലെ മറ്റ് കാര്യങ്ങളും ഹാദിയയുടെ വിവാഹവും വേറെയാണ് പറഞ്ഞ കോടതി, ആദ്യം ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കട്ടെയെന്നാണ് അഭിപ്രായപ്പെട്ടത്. ഇതിന് ശേഷം എന്‍.ഐ.എക്കും ഹാദിയയുടെ അച്ഛനും പറയാനുള്ളത് കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യാ ടുഡേയുടെ ഒളി ക്യാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ ആരോപണങ്ങളുമായ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
സംഘടനയെ നിരോധിക്കണമെന്ന് കേന്ദ്ര നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. ഒളി ക്യാമറാ ഓപ്പറേഷന്റെ മുഴുവന്‍ വീഡിയോ എന്‍.ഐ.എ ആവശ്യപ്പെട്ടുവെന്നും ഇന്ത്യാ റ്റുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വെളിപ്പെടുത്തലുകളെ കോടതി എങ്ങിനെ നോക്കിക്കാണുന്നുവെന്നാണ് ഇനി അറിയാനുള്ളത്.