സുബൈറിനെ വെട്ടിക്കൊന്ന കേസന്വേഷണം ആര്‍എസ്എസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് ! കൊലയാളികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് സുബൈറിന്റെ പിതാവ്

പാലക്കാട് : പാലക്കാട് എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കുത്തിയതോട് സ്വദേശി സുബൈര്‍ ആണ് കൊല്ലപ്പെട്ടത്. അക്രമികള്‍ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. പാലക്കാട് എലപ്പുളിയില്‍ സുബൈറിനെ വെട്ടിക്കൊന്ന കേസിന്റെ പ്രാഥമിക അന്വേഷണം ആര്‍എസ്എസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണെന്ന് പാലക്കാട് എസ്പി ആര്‍ വിശ്വനാഥ്. സുബൈറിന്റെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിതെന്നും എസ്പി അറിയിച്ചു.രാഷ്ട്രീയ വൈരമാണോ കൊലക്കു പിന്നിലെന്ന് അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം മൂന്ന് സി.ഐമാരും സംഘത്തിലുണ്ടാകുമെന്ന് എസ്പി അറിയിച്ചു. കൃത്യത്തിന് ഉപയോഗിച്ച കാറിന്റെ വിവരം അന്വേഷിച്ച് വരുകയാണ്. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാറാണെന്നാണ് പ്രാഥമിക നിഗമനമെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

ആര്‍എസ്എസിന്റെ രാഷ്ട്രീയ വൈരാഗ്യം സംബന്ധിച്ച് സുബൈറിന്റെ പിതാവ് അബൂബക്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യമെന്ന നിലയിലാണ് ഇപ്പോഴത്തെ അന്വേഷണം നടക്കുന്നത്. രാഷ്ട്രീയ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രതികള്‍ ആരാണെന്നും അവര്‍ക്ക് രാഷ്ട്രീയബന്ധമുണ്ടോയെന്നും ഇതുവരെ വ്യക്തമായിട്ടില്ല. സുബൈറിനെ നേരെ മുന്‍പ് ഭീഷണി ഉയര്‍ന്നിട്ടുണ്ടെന്ന കാര്യം പരിശോധിക്കും.”-എസ്പി ആര്‍ വിശ്വനാഥ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലയാളികളെ കണ്ടാല്‍ തിരിച്ചറിയുമെന്ന് സുബൈറിന്റെ പിതാവ്  അബൂബക്കര്‍. വാഹനം ഇടിച്ച് വീഴ്ത്തി കാറില്‍ നിന്നിറങ്ങിയ രണ്ട് പേരാണ് സുബൈറിനെ വെട്ടിയതെന്നും കൂടുതല്‍ പേര്‍ വാഹനത്തിലുണ്ടായിരുന്നെന്നും അബൂബക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ”പള്ളിയില്‍ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഞങ്ങള്‍. ഇതിനിടെ എതിര്‍ഭാഗത്ത് നിന്ന് ബൈക്കിനെ നേര്‍ക്ക് നേരെ വന്ന കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ആദ്യം ഞാന്‍ തെറിച്ച് വീണു. ഇടിയുടെ ആഘാതത്തില്‍ വണ്ടി മുന്നോട്ട് പോയി. അതിനിടെയാണ് സുബൈര്‍ തെറിച്ച് വീണത്. അവിടെ വച്ചാണ് വെട്ടിയത്. എന്നെ നോക്കി ഒന്നും ചെയ്തില്ല. ആക്രമണ ശേഷം അവര്‍ മറ്റൊരു കാറില്‍ പോയി. രണ്ടുപേരെയാണ് ഞാന്‍ കണ്ടത്. അവര്‍ മുഖംമൂടി ധരിച്ചിട്ടില്ല, കണ്ടാല്‍ തിരിച്ചറിയും. കൈവശം ആയുധങ്ങളുണ്ടായിരുന്നു. ആക്രമിക്കുന്ന ശബ്ദം ഞാന്‍ കിടന്നപ്പോള്‍ കേട്ടിരുന്നു. എന്നാല്‍ വ്യക്തമല്ലായിരുന്നു.”- അബൂബക്കര്‍ പറഞ്ഞു.

സുബൈറിനെ വെട്ടിക്കൊന്ന സംഭവം സംസ്ഥാനത്തെ കലാപഭൂമിയാക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. ആഘോഷ ദിനങ്ങള്‍ അക്രമത്തിനും രക്തച്ചൊരിച്ചിലിനും വേണ്ടി ആര്‍എസ്എസ് മാറ്റിവെച്ചിരിക്കുന്നുയെന്നാണ് കൊലപാതകം തെളിയിക്കുന്നത്. രാമനവമി, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങള്‍ അന്യമതസ്ഥരുടെ രക്തമൊഴുക്കി ആഘോഷിക്കുന്ന ആര്‍എസ്എസ് നീക്കം രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാണെന്ന് ഉസ്മാന്‍ പറഞ്ഞു.

റമദാന്‍ വ്രതമെടുത്ത് ജുമുഅ നമസ്‌കാരത്തിനു ശേഷം ബാപ്പയോടൊപ്പം ബൈക്കില്‍ പോകുമ്പോഴാണ് ആര്‍എസ്എസ് സംഘം ആസൂത്രിതമായി സുബൈറിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കൊലപാതകത്തില്‍ ഉന്നതതല ഗൂഢാലോചനയാണ് വ്യക്തമാകുന്നത്.’ കാറിടിപ്പിച്ച ശേഷം വെട്ടിവീഴ്ത്തുന്നതിന് പ്രത്യേക പരിശീലനം നല്‍കി സംസ്ഥാനത്ത് ക്രിമിനല്‍ സംഘത്തെ ആര്‍എസ്എസ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നു എന്ന അപകട സൂചനയാണ് നല്‍കുന്നതെന്ന് ഉസ്മാന്‍ പറഞ്ഞു.

‘സമീപകാലത്ത് നടന്ന കൊലപാതകങ്ങളിലുള്‍പ്പെടെ വ്യക്തമായ തെളിവുകളുണ്ടായിട്ടും ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താതിരുന്നത് കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ അക്രമികള്‍ക്ക് പ്രോത്സാഹനമാവുകയാണ്.’ വളരെ കൃത്യമായ ആസൂത്രണത്തിലൂടെ നടത്തിയ കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണത്തിലൂടെ കൃത്യത്തില്‍ പങ്കെടുത്തവരെയും ഗൂഢാലോചനയില്‍ പങ്കാളികളായവരെയും പിടികൂടാന്‍ പൊലീസ് തയ്യാറാവണമെന്നും പി.കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.

സുബൈറിനെ ആര്‍എസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കൃത്യമായ ഗൂഢാലോചനയിലൂടെ വളരെ ആസൂത്രിതമായാണ് ആര്‍എസ്എസ് കൊലപാതകം നടത്തിയിട്ടുള്ളത്. സംഭവത്തിന്റെ പിന്നിലുള്ള ഉന്നതതല ഗൂഡാലോചന പുറത്തു കൊണ്ടുവരണം. സംഘടനയുടെ പ്രാദേശിക നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിലൂടെ നാട്ടില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമമെന്ന് മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പാലക്കാട് ജില്ലയില്‍ ഉള്‍പ്പടെ കേരളത്തിലുടനീളം അടുത്തിടെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മുസ്‌ലിം സമുദായത്തിന് നേരെ കൊലവിളി പ്രകടനങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ രാമനവമി ആഘോഷങ്ങളുടെ മറവിലും രാജ്യത്തുടനീളം വലിയതോതില്‍ മുസ്‌ലിം വിരുദ്ധത പ്രചരിപ്പിച്ച് വ്യാപക ആക്രമണങ്ങളാണ് ആര്‍എസ്എസ് നടത്തിയത്. ഇതിന് പിന്നാലെയാണ് പാലക്കാട് ജില്ലയില്‍ സുബൈറിനെ കൊലപ്പെടുത്തിയത്. ആര്‍എസ്എസ് ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും മുഹമ്മദ് ബഷീര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആര്‍ എസ് എസ് നടത്തിയ ആസൂത്രിത കൊലപാതകമാണ് ഇതെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ആരോപിച്ചു.

Top