ന്യുഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡി ദത്തെടുത്ത വാരണാസി ഗ്രാമത്തിൽ ജനങ്ങൾ ഭക്ഷണവും ജോലിയുമില്ലാതെ വലയുന്നുവെന്ന് റിപ്പോർട്ട്. രണ്ടു മാസത്തെ ലോക്ഡൗണിനിടയിൽ ഒരു നേരം സൗജന്യ ഭക്ഷണം ലഭിക്കാനായി ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങൾക്കും തങ്ങളുടെ ഗ്രാമം വിട്ട് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഭക്ഷണം അന്വേഷിച്ച് കല്ലു എന്ന 55 കാരൻ ദിവസവും രാവിലെ സ്വന്തം വീട്ടിൽ നിന്നും കിലോമീറ്ററുകളോളം ഗ്രാമത്തിൽ അലയും.
ചില സമയത്ത് ഇയാളുടെ യാത്ര ഗംഗ നദിക്ക് അപ്പുറമുള്ള ബനാറസ് സിറ്റിയിലെ ദശാശ്വമേധ് ഘാട്ടിലാണ് ചെന്നവസാനിക്കുക. ഇതേ ദുരവസ്ഥ തന്നെയാണ് വിധവയും അഞ്ച് കുട്ടികളുടെ അമ്മയുമായ മാല അനുഭവിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർക്ക് ജോലിയില്ലാതെയായി. മക്കൾക്ക് ഒരു നേരത്തേ ആഹാരം കൊടുക്കുന്നതിനായി ലോക്ഡൗൺ സമയത്ത് ഇവർ നിരവധി തവണ ബനാറസിലേക്ക് ഒളിച്ചു കടന്നിരുന്നു.
എന്നാൽ ആരും അവൾക്ക് ഭക്ഷണമോ ജോലിയോ നൽകാൻ തയ്യാറായില്ല. ചില സമയങ്ങളില്‍ ആരെങ്കിലും നൽകുന്ന ചായയോ റൊട്ടിയോ കഴിച്ചിട്ടാകും തങ്ങൾ ഉറങ്ങാൻ കിടക്കുന്നതെന്ന് മാല പറയുന്നു. മറ്റു ചിലപ്പോള്‍ ഇതും കിട്ടാറില്ല. ഇത് കേവലം കല്ലുവോ മാലയോ മാത്രം നേരിടുന്ന പ്രശ്നമല്ല. ഇന്ത്യയിൽ ഒട്ടാകെ റേഷൻ കാർഡില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങൾ ഇതേ ദുരിതം അനുഭവിക്കുന്നതായി ദ സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പ്രധാനമന്ത്രി ദത്തെടുത്ത ഗ്രാമത്തില്‍ പോലും ജനങ്ങൾ പട്ടിണി അനുഭവിക്കുന്നു എന്നതാണ് ഇതിൽ ഏറെ ദുഃഖകരമായുള്ളത്.
ബനാറസ് നഗരത്തിൽ നിന്ന് ഗംഗയ്ക്ക് കുറുകെയായാണ് ഡൊമരി സ്ഥിതി ചെയ്യുന്നത്. 2011ലെ സെൻസസ് പ്രകാരം 5,000 പേരാണ് ഇവിടെ താമസിക്കുന്നത്. എന്നാൽ ഇപ്പോൾ ഈ കണക്ക് വർധിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. നിലവിൽ ഡൊമരിയിൽ 3,561 പേരാണ് പൊതുവിതരണ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2018ലാണ് നരേന്ദ്ര മോഡി സൻസദ് ആദർശ് ഗ്രാം യോജന പ്രകാരം ഗ്രാമം ദത്തെടുത്തത്. 2014, 2019 ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ തന്നെ വിജയിപ്പിച്ച വാരണാസി മണ്ഡലത്തിൽ തന്നെ മോഡി ദത്തെടുത്ത നാലാമത്തെ ഗ്രാമമാണ് ഇത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മോഡി വാരണാസിയിൽ എത്തുകയും ജന സംഘ് നേതാവായ ദീൻ ദയാൽ ഉപാധ്യയുടെ 63 അടി നീളമുള്ള പ്രതിമ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഡൊമരിയിൽ റേഷൻ കാർഡ് ഇല്ലാത്തവരേയും പട്ടിണി അനുഭവിക്കുന്നവരേയും സഹായിക്കാൻ പ്രധാനമന്ത്രിയോ മറ്റ് സംഘപരിവാർ സംഘടനകളോ ഇനിയും തയ്യാറായിട്ടില്ല. എന്നാൽ കൂലിവേലചെയ്ത് നിത്യവൃത്തി നടത്തിയിരുന്ന ഡൊമരിയിലെ ജനങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ആകെ ദുരിതത്തിലായി. റേഷൻ കാർഡ് ഗുണഭോക്താക്കൾക്ക് പ്രതിമാസം ഭക്ഷ്യധാന്യങ്ങൾ ലഭിച്ചുവെങ്കിലും കാർഡില്ലാത്തവർക്ക് ഒരു പ്രയോജനവും ലഭിച്ചില്ല.
കാർഡ് ലഭിക്കുന്നതിനായി പഞ്ചായത്ത് ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും ഉദ്യോഗസ്ഥർ ആട്ടിപായിക്കുകയായിരുന്നു എന്നാണ് ഡൊമരി നിവാസികൾ പറയുന്നത്. പുതുതായി നിരവധി പേരെ പൊതുവിതരണ സംവിധാനത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞുവെന്ന് ഉദ്യോഗസ്ഥർ പറയുമ്പോഴും അതിനു പുറത്തു നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.