കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കണമെന്ന ഹര്‍ജി ചെലവു സഹിതം തള്ളി. ഹർജിക്കാരന് ഒരുലക്ഷം രൂപ പിഴ

കൊച്ചി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ചെലവ് സഹിതം തള്ളി. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. ആറാഴ്ചയ്ക്കകം പിഴ അടക്കണം. ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തീര്‍ത്തും ബാലിശമായ ഹര്‍ജിയാണെന്നും പിന്നിൽ പൊതുതാല്‍പര്യമല്ലെന്നും കോടതി വിലയിരുത്തി.

പൊതുതാത്പര്യമല്ല, പ്രശസ്തിതാത്പര്യമാണ് ഹര്‍ജിക്കു പിന്നിലുള്ളതെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.ഇപ്പോഴത്തെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സര്‍ട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ എം പീറ്ററാണ് ഹര്‍ജി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്, അമേരിക്കയുടേതല്ല. ഏതെങ്കിലും കുറുക്കുവഴികളില്‍ കൂടിയല്ല മോദി പ്രധാനമന്ത്രിയായത്. ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടാണ്.’ നേരത്തെ കേസിന്റെ വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. എന്തിനാണ് പ്രധാനമന്ത്രിയെക്കുറിച്ച് ലജ്ജിക്കുന്നതെന്ന് ചോദിച്ച കോടതി നൂറുകോടി ജനങ്ങള്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹര്‍ജിക്കാരനുള്ളതെന്നും ആരാഞ്ഞിരുന്നു.

എന്തിനാണ് ഹര്‍ജിക്കാന്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതെന്നും സ്ഥാപനത്തില്‍ നിന്ന് നെഹ്‌റുവിന്റെ പേര് നീക്കം ചെയ്യാന്‍ നിലപാട് എടുക്കാത്തത് എന്താണെന്നും കോടതി ചോദിച്ചു.

‘നിങ്ങള്‍ക്ക് രാഷ്ട്രീയ വിയോജിപ്പുകളുണ്ടാകാം. പക്ഷേ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം വേണ്ടെന്ന് പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല’ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍ ക്യാമ്പയിനുകളില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രം വയ്ക്കാന്‍ പാടുള്ളതല്ലെന്നും ഇത് പൗരന്റെ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നുമാണ് പീറ്റര്‍ ഹര്‍ജിയില്‍ പറഞ്ഞത്. പൊതു പണം ഉപയോഗിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ക്യാമ്പയിനുകളെ കുറിച്ചുള്ള സുപ്രീംകോടതി നിര്‍ദേശം ചൂണ്ടിക്കാട്ടിയാണ് പീറ്റര്‍ ഹര്‍ജി സമര്‍പ്പിച്ചത്.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത് നിര്‍ബന്ധിതമായിട്ടാണെന്ന് പരാതിക്കാരന്‍ വാദിച്ചു. ‘ മോദിയെ ടിവിയില്‍ കാണുമ്പോള്‍ നിങ്ങള്‍ കണ്ണടയ്ക്കുമോ’ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ‘ടിവി കാണുമ്പോള്‍ എനിക്ക് കണ്ണടയ്ക്കാം.

എന്നാല്‍ എന്റെ സര്‍ട്ടിഫിക്കറ്റ് എന്റെ സ്വകാര്യതയാണ്’പീറ്റര്‍ ഇതിന് മറുപടി നല്‍കി. മറ്റു രാജ്യങ്ങളിലെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ താന്‍ പരിശോധിച്ചെന്നും അതിലൊന്നും പ്രധാനമന്ത്രിമാരുടെ ചിത്രങ്ങള്‍ വച്ചിട്ടില്ലെന്നും പീറ്റര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അവരുടെ പ്രധാനമന്ത്രിമാരെ കുറിച്ച് ആ രാജ്യങ്ങള്‍ അഭിമാനിക്കുന്നുണ്ടാകില്ല എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Top