നരേന്ദ്ര മോദിക്ക് വൈറ്റ്ഹൗസിൽ ഊഷ്മള വരവേൽപ്…സ്വീകരിക്കാൻ ട്രംപിനൊപ്പം പ്രഥമ വനിത മെലനിയ ട്രംപും

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ്ഹൗസിൽ ഊഷ്മള വരവേൽപ് നൽകി പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയ ട്രപും. തന്‍റെ ത്രിരാഷ്ട്ര സന്ദർശനത്തിനിടെ അമേരിക്കയിലെത്തിയ മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയെ ഏറെ ആകാംഷയോടെയാണ് ഏവരും ഉറ്റു നോക്കുന്നത്. നയതന്ത്രപ്രാധാന്യമുള്ള വിവിധ വിഷയങ്ങൾ ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്യുമെന്നാണ് വിവരങ്ങൾ.ഇന്ത്യയുമായുള്ള സുരക്ഷാസഹകരണം അതീവ പ്രാധാന്യമേറിയതാണെന്നും യുഎസ് കയറ്റുമതിക്ക് ഇന്ത്യയിലുള്ള പ്രധാന തടസ്സങ്ങൾ നീക്കണമെന്നും ചർച്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.

തന്റെ സന്ദർശനം ഇന്ത്യ–യുഎസ് ബന്ധത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ട്രംപുമായുള്ള ചർച്ച ഫലപ്രദമായിരുന്നു. ഇന്തോ – പസഫിക് മേഖലയിൽ സമാധാനവും, സ്ഥിരതയും, സുരക്ഷയും ഉറപ്പാക്കുകയാണ് ഇരു രാജ്യങ്ങളുടേയും ലക്ഷ്യമെന്നും മേദി പറഞ്ഞു.വൈറ്റ് ഹൗസ് സന്ദർശനത്തിനു മുൻപേ യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്‌സനും മോദിയുമായി പ്രത്യേക ചർച്ച നടത്തിയിരുന്നു. ഭീകരവിരുദ്ധ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണു ചർച്ച ചെയ്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് ഉദ്യോഗസ്ഥരും മോദിക്കൊപ്പമുണ്ടായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി എസ്. ജയ്‌ശങ്കർ, ഇന്ത്യയുടെ യുഎസ് അംബാസഡർ നവ്‌തേജ് സർന എന്നിവരാണു ഇന്ത്യാസംഘത്തിലുള്ളത്.ഇന്ത്യ–യുഎസ് സംയുക്ത പ്രസ്താവനയ്ക്കുശേഷം വൈറ്റ് ഹൗസിലെ ചരിത്രപ്രസിദ്ധമായ ബ്ലൂ റൂമിലാണു മോദിക്ക് വിരുന്ന് ഒരുക്കിയത്. ഇതാദ്യമായാണു ഒരു വിദേശനേതാവിനു ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കിയത്. നരേന്ദ്രമോദിയുടെ മൂന്നാമത്തെ വൈറ്റ്ഹൗസ് സന്ദർശനമാണിത്. 2014 സെപ്റ്റംബറിലും 2016 ജൂണിലും നരേന്ദ്രമോദി വൈറ്റ് ഹൗസ് സന്ദർശിച്ചപ്പോൾ ബറാക് ഒബാമയായിരുന്നു പ്രസിഡന്റ് .ട്രംപ് പ്രസിഡന്‍റായതിനു ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. നാല് മണിക്കൂറിലേറെ നേരം മോദി വൈറ്റ് ഹൗസിൽ ചെലവഴിക്കുമെന്നാണ് വിവരങ്ങൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top