ഡോണയുടെയും ആസിഫിന്റെയും കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 50ലക്ഷം!!ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി മോദി സര്‍ക്കാര്‍

തിരുവനന്തപുരം: കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടത്തില്‍ മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 50 ലക്ഷം രൂപ ഇന്‍ഷുറന്‍സ് ലഭിച്ചു. . വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ച കുന്നംകുളം താലൂക്ക് ആശുപത്രിയിലെ നേഴ്സ് എ എം ആഷിഫ്, അന്തിക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ടെക്നീഷ്യയായിരുന്ന ഡോണ ടി വർഗീസ് എന്നിവരുടെ ആശ്രിതർക്ക് തുക കൈമാറി. പ്രധാൻമന്ത്രി ഗരീബ് കല്യാൺ പാക്കേജ് ഇൻഷുറൻസ് പദ്ധതിപ്രകാരമാണ് തുക അനുവദിച്ചത്.

തൃശൂര്‍ അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള 108 ആംബുലന്‍സിന്റെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ആയിരുന്നു ഡോണ. കോവിഡുമായി ബന്ധപ്പെട്ട് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ കൃത്യനിഷ്ഠയോടെയും അര്‍പ്പണ മനോഭാവത്തോടെയും ഡോണ പ്രവര്‍ത്തിച്ചിരുന്നു. മേയ് നാലിന് രാത്രി 7ന് കോവിഡുമായി ബന്ധപ്പെട്ട രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ ഡോണ മരണമടയുകയായിരുന്നു.

കോവിഡ്-19ന്റെ ഭാഗമായി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ സ്റ്റാഫ് നഴ്സായിരുന്നു ആസിഫ്. ഐ.പി. രോഗികളേയും ഒ.പി. രോഗികളേയും പരിചരിക്കുന്നതില്‍ ആസിഫ് ആത്മാര്‍ത്ഥമായ സേവനമാണ് നടത്തിയിരുന്നത്. ഏപ്രില്‍ 10ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി ആസിഫ് ഓടിച്ച് പോയ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മരണം സംഭവിക്കുകയായിരുന്നു.

ഇരുവരും ജോലിയില്‍ പ്രവേശിച്ചിട്ട് അധിക കാലം ആയിരുന്നില്ല.പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗരീബ് കല്യാണ്‍ യോജനയില്‍  നിന്നാണ് ഇരുവരുടെയും കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമായിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 26 ന് ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നത്.

Top