ന്യൂഡല്‍ഹി: ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്‌ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി. ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ പ്രണബ് ഹെഡ്‌ഗേവാറിന്റെ സ്മാരകത്തിലെ സന്ദര്‍ശക ഡയറിയിലാണ് ഇക്കാര്യം കുറിച്ചത്. ഇവിടെ എത്തിയത് ഇന്ത്യയുടെ മഹാനായ പുത്രനെ അഭിവാദനം ചെയ്യുന്നതിനും ബഹുമാനം അറിയിക്കുന്നതിനുമാണെന്ന് പ്രണബ് എഴുതി.
പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ അമര്‍ഷവുമായി കോണ്‍ഗ്രസില്‍ ഒന്നടങ്കം പ്രതിഷേധം പുകയുന്നുണ്ട്. പ്രണബിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടി ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ പറഞ്ഞു.
അതേസമയം സോണിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് അഹമ്മദ് പട്ടേല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് വിവരം. പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ സോണിയയോ പ്രണബിന്റെ വിഷയം സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്താണ് നടക്കുന്ന സംഘ ശിക്ഷ വര്‍ഗ് പാസിംഗ് ഔട്ട് പരിപാടിയിലാണ് പ്രണബ് പങ്കെടുക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം തന്നെ പ്രണബ് നാഗ്പൂരില്‍ എത്തിയിരുന്നു.അതേസമയം, പ്രണബിന്റെ നിലപാടിനെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി വിമര്‍ശിച്ചിരുന്നു. തെറ്റായ കഥകള്‍ ഉണ്ടാക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനും അവസരം നല്‍കരുതെന്ന് ശര്‍മിഷ്ഠ പറഞ്ഞു. താന്‍ ബി.ജെ.പിയില്‍ ചേരുകയാണെന്ന വാര്‍ത്തകളും അവര്‍ നിഷേധിച്ചു. ‘പ്രണബിന്റെ പ്രസംഗം എല്ലാവരും മറക്കും. ദൃശ്യങ്ങള്‍ നിലനില്‍ക്കും. അതാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. ബിജെപിയുടെ കുതന്ത്ര വിഭാഗം എങ്ങനെ പ്രവര്‍ത്തിക്കു ന്നുവെന്ന് പ്രണാബിന് ഇപ്പോള്‍ മനസിലായിക്കാണുമെന്നു പ്രതീക്ഷിക്കാം’ ശര്‍മിഷ്ഠ വ്യക്തമാക്കി.