കുട്ടികളെ ഹൃദയത്തിലേറ്റുന്ന ടീച്ചമാര്‍ വിരളമാകുന്ന കാലമാണ്. അവിടെ ഇതാ കുട്ടികളെ നെഞ്ചോട് ചേര്‍ക്കുന്നൊരു ടീച്ചറുടെ ഭാവ പ്രകടനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. കുട്ടികളുടെ പ്രകടനത്തില്‍ എല്ലാം മറക്കുന്ന ഇത്തരമൊരു താദാത്മ്യം പ്രാപിക്കല്‍ ഇതുവരെ കണ്ടിട്ടുണ്ടാവാനിടയില്ല. ഇത് പ്രസന്ന കുമാരി ടീച്ചര്‍. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കുടുംബശ്രീ മലപ്പുറം ജില്ലാമിഷന്‍ നടത്തിയ കലോത്സവത്തിലെ പ്രസന്നകുമാരി ടീച്ചറുടെ ഭാവ പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികള്‍ വേദിയില്‍ ചുവടുവയ്ക്കുമ്പോള്‍ സദസ്സിലിരുന്ന് ആംഗ്യം കാണിച്ചുകൊടുക്കുന്ന പ്രസന്നകുമാരി ടീച്ചര്‍. സദസ്സിന്റെ മുന്‍നിരയിലിരുന്ന് വെള്ളത്തൂവാല വീശി മത്സരാര്‍ഥിയുടെ ശ്രദ്ധപിടിക്കും. പിന്നെ, ആംഗ്യത്തിലൂടെ ചുവടുകളും മുദ്രകളും കാണിച്ചുകൊടുക്കും. ഓരോ നൃത്തം തീരുമ്പോഴും പ്രസന്നകുമാരിയുടെ കണ്ണില്‍നിന്നു കണ്ണീരുപൊടിയും.
ശലഭങ്ങള്‍ എന്ന് പേരിട്ട കലോത്സവം സംഘാടകരും കാണികളും മത്സരാര്‍ഥികളും ചേര്‍ന്ന് കരുതലിന്റെയും കൂട്ടായ്മയുടെയും ഉത്സവമാക്കി. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ഉല്ലാസം ഉറപ്പാക്കാന്‍ എല്ലാവരും ഓടിനടന്നു. ഒന്നാംവേദിയില്‍ നൃത്തം ചെയ്യാന്‍ കയറി നാണിച്ചുനിന്ന കുട്ടിയെ പിന്തുണയ്ക്കാന്‍ അധ്യാപിക തന്നെ വേദിയിലെത്തിയ സംഭവവും ഉണ്ടായി. വിധികര്‍ത്താക്കളുടെ അനുവാദത്തോടെ അധ്യാപികയും മത്സരാര്‍ഥിയും ഒരുമിച്ചു നൃത്തം ചെയ്തു.
ഒരേ ഇനത്തില്‍ മത്സരിക്കുന്നവരുടെ രക്ഷിതാക്കള്‍വരെ ‘എതിരാളി’കളെ ഒരുക്കാനും വേദിയിലെത്തിക്കാനും പരസ്പരം സഹായിച്ചു. ഇത്തരത്തില്‍ ഗവ. കോളജിലെ ഓഡിറ്റോറിയത്തിലെ വേദി വളരെ സാര്‍ത്ഥകമായി തീരുന്നതിനിടയിലാണ് മനോരമയുടെ ക്യാമറാ പേഴ്‌സണ്‍ ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.