മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ക്രിമിനലെന്ന് അഭിസംബോധന ചെയ്ത് ബിജെപി എം പി പ്രജ്ഞാ സിംഗ് ഠാക്കൂര്‍. കശ്മീരിന് പ്രത്യേക പദവി നല്‍കിയത് നെഹ്റുവാണ്. അതിനാല്‍ അദ്ദേഹം ക്രിമിനലാണെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടായിരുന്നു പ്രജ്ഞാ സിംഗിന്‍റെ പ്രസ്താവന. നമ്മുടെ ജന്മഭൂമിയെ വേദനിപ്പിക്കുന്നവരും രാജ്യത്തെ പിളര്‍ക്കാന്‍ ശ്രമിക്കുന്നവരും ശരിക്കും ക്രിമിനലുകള്‍ തന്നെയാണെന്നും പ്രജ്ഞാ സിംഗ് കൂട്ടിച്ചേര്‍ത്തു.
നെഹ്റു പാകിസ്താനുമായുള്ള യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് വലിയ കുറ്റമാണെന്നും ആ സമയം ഇന്ത്യന്‍ സേന പാക് ഭീകരവാദികളെ കശ്മീരില്‍ നിന്ന് തുരത്തിയോടിക്കുകയായിരുന്നുവെന്നും നേരത്തെ ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞിരുന്നു. അന്ന് നെഹ്റു സ്വീകരിച്ച ആ തീരുമാനത്തിന്‍റെ ഫലമാണ് പാക് അധീന കശ്മീരെന്നും ചൗഹാന്‍ ആരോപിച്ചിരുന്നു.
അതേസമയം, നെഹ്റുവിനെ വിമര്‍ശിച്ച ശിവരാജ് സിംഗ് ചൗഹാന് അദ്ദേഹത്തിന്‍റെ കാലിനടിയിലെ പൊടിയാവാന്‍ പോലും യോഗ്യതയില്ലെന്ന മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗും രംഗത്തെത്തി. നെഹ്റുവിനെ കുറിച്ച് ശിവരാജ് സിംഗ് പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹത്തിന് മാനക്കേട് തോന്നേണ്ടതാണെന്നും ദിഗ്വിജയ് സിംഗ് വിമര്‍ശിച്ചിരുന്നു.