കൊച്ചി. പ്രവാസികളുമായി മൂന്ന് വിമാനങ്ങൾ കൂടി ഇന്ന് കേരളത്തിലെത്തും. കുവൈത്ത്-കൊച്ചി, മസ്കത്ത്- കൊച്ചി, ഖത്തർ- കൊച്ചി വിമാനങ്ങളാണ് ഇന്നെത്തുക. രാത്രി 9.15നാണ് കുവൈത്തിൽനിന്നും വിമാനം എത്തുക. 200 യാത്രക്കാരാണ് വിമാനത്തിലുണ്ടാവുക. മസ്കത്ത്- വിമാനം രാത്രി 8.50നും ഖത്തർ- വിമാനം പുലർച്ചെ രണ്ടിനും എത്തും. മുഴുവൻ യാത്രക്കാരെയും ആരോഗ്യ പരിശോധനകൾക്ക് ശേഷം മുൻകൂട്ടി നിശ്ചയിച്ച ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഗർഭിണികൾക്കും കുട്ടികൾക്കും വീടുകളിൽ നിരീക്ഷണത്തിൽ കഴിയാം.
പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാന സർവീസ് തുടങ്ങിയ ശേഷം നാല് വിമാനങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലെത്തിയത്. വ്യാഴാഴ്ച അബൂദബി, ദുബൈ എന്നിവിടങ്ങളിൽനിന്നും വെള്ളിയാഴ്ച റിയാദിൽനിന്നും ബഹ്റൈനിൽനിന്നും വിമാനമെത്തിയിരുന്നു. റിയാദ്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നായി 329 പേരാണ് ശനിയാഴ്ച എത്തിയത്.
മാലദ്വീപിൽ നിന്നുള്ളവരുമായി നാവികസേനയുടെ കപ്പൽ ഐഎൻഎസ് ജലാശ്വ ശനിയാഴ്ച പുലർച്ചെ പുറപ്പെട്ടു. 698 പ്രവാസികളാണ് ഇതിലുള്ളത്. 595 പുരുഷന്മാർ, 103 സ്ത്രീകൾ എന്നിങ്ങനെയാണ് കപ്പലിലുള്ളയാളുകൾ. 19 ഗർഭിണികളും പത്ത് വയസിൽ താഴെയുള്ള 14 കുട്ടികളും കപ്പലിലുണ്ട്. .ലക്ഷദ്വീപിൽ നിന്നുള്ള യാത്രാക്കപ്പലും ശനിയാഴ്ച വൈകീട്ട് പുറപ്പെടും. 150ലേറെ യാത്രക്കാരുമായി കപ്പൽ ഞായറാഴ്ചയാണ് കൊച്ചിയിലെത്തുക.