കോട്ടയം: ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാകാന്‍ ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ വഴിപാട്. ജഡ്ജിയമ്മാവന്‍ നടയില്‍ മകരവിളക്ക് ദിവസം നാരായണീയ പാരായണ യജ്ഞവും വഴിപാടും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയാണ് പാരായണം. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വരുന്നതു വരെയോ, കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുന്നതു വരെയോ ശബരിമലയിലേക്കില്ല. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പ്രയാര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുളള ചെറുവളളിക്കാവുകളുടെ മൂലക്ഷേത്ര ദേവിയാണു പൊന്‍കുന്നം കാവിലമ്മ. മറ്റൊരിടത്തും ദര്‍ശിക്കാനാവാത്ത പ്രതിഷ്ഠയാണു ചെറുവളളി ദേവീക്ഷേത്ര സങ്കേതത്തിലുളള ജഡ്ജിയമ്മാവന്‍ പ്രതിഷ്ഠ. നിരപരാധികളായ ഭക്തരുടെ മാനവും മനശ്ശാന്തിയും നഷ്ടപ്പെടുത്തുന്ന കേസുകളില്‍ നിന്ന് അവരെ രക്ഷപ്പെടുത്തുന്ന സത്യത്തിനു സാക്ഷിയായ അദ്ഭുത വരദാനമേകുന്നതാണു ജഡ്ജിയമ്മാവന്‍ പ്രതിഷ്ഠ എന്നാണു വിശ്വാസം. കോട്ടയം പൊന്‍കുന്നത്തു നിന്ന് ഏഴു കിലോമീറ്റര്‍ അകലെയാണു ചെറുവളളി ഭഗവതി ക്ഷേത്രം. അവിടെ ചിറക്കടവ് പഞ്ചായത്തില്‍ പൊന്‍കുന്നം- മണിമല റൂട്ടിലാണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.