ചതിച്ചത് ഗര്‍ഭനിരോധന രീതി; യുവതി മരണത്തെ മുഖാമുഖം കണ്ടു

കാന്‍ബെറ: ഗര്‍ഭനിരോധന മാര്‍ഗ്ഗം ചതിച്ച യുവതി മൂന്നാം കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്നത് ഭാഗ്യം കൊണ്ട്. ഓസ്ട്രേലിയിലെ കാന്‍ബറെയിലെ ഷാനോണ്‍ ഹബ്ബാര്‍ഡിനാണ് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്‍റെ മുഖത്ത് എത്തിയത്. ഇരുപത്തിയഞ്ചു വയസുകാരിയാണ് ഇവര്‍. അടുത്തിടെയാണ് ഇവര്‍ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് നാലമത്തെ കുഞ്ഞിന് വേണ്ടിയും പ്ലാന്‍ ഉള്ളതിനാല്‍ താല്‍കാലിക ഗര്‍ഭനിരോധന മാര്‍ഗ്ഗം സ്വീകരിക്കാന്‍ തീരുമാനിച്ചു. ഇതോടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന മിറേന  എന്ന കൃത്രിമ ഗര്‍ഭനിരോധനമാര്‍ഗമാണ് യുവതി സ്വീകരിച്ചത്.  മറ്റ് ഗര്‍ഭനിരോധനരീതികള്‍ പരാജയപ്പെട്ട സാഹചര്യത്തിലും ചില നിരോധനമരുന്നുകളോടുള്ള അലര്‍ജിയുമാണ് ഇങ്ങനെയൊരു വഴി സ്വീകരിക്കാന്‍ ഷാനോണിനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഈ തീരുമാനം അവരെ കൊണ്ടെത്തിച്ചത് ഒരു ദുരന്തത്തിലേക്കാണ്. നിക്ഷേപിക്കുന്ന സമയത്ത് ചെറിയ വേദന തോന്നിയതൊഴിച്ചാല്‍ യാതൊരു അസ്വസ്ഥതകളും യുവതിക്ക് ഉണ്ടായിരുന്നില്ല. ഒരല്‍പം വളവുള്ള ഗര്‍ഭപാത്രമായിരുന്നു ഷാനോണിന്. എന്നാല്‍ ഇതില്‍ പ്രത്യേകിച്ച് അസ്വഭാവികമായി ഒന്നുമില്ലെന്നാണ് ഡോക്ടര്‍ അഭിപ്രായപ്പെട്ടത്.മിറേന സ്വീകരിച്ച് വീട്ടില്‍ വന്ന ശേഷം ചെറിയ രീതിയില്‍ ഷാനോണിന് രക്തസ്രാവം തുടങ്ങി. വൈകാതെ രക്തസ്രാവം കൂടി. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും രക്തത്തില്‍ കുളിച്ച അവസ്ഥയിലായി ഷാനോണ്‍. ഗര്‍ഭപാത്രത്തില്‍ നിന്നും ഉപകരണം നീക്കം ചെയ്തു. അപ്പോഴേക്കും ശരീരത്തില്‍ നിന്നും 20% രക്തം നഷ്ടമായിരുന്നു. അടുത്ത ദിവസം നടത്തിയ ശസ്ത്രക്രിയയില്‍ ഗര്‍ഭപാത്രത്തില്‍ മുറിവ് സംഭവിച്ചതായി കണ്ടെത്തി. ഉപകരണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടായ പാകപ്പിഴയായിരുന്നു ഇതിന്‍റെ കാരണം. അതേസമയം ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യമെന്നു കരുതുകയാണ് ഷാനോണും കുടുംബവും.

Top