രാഷ്ട്രപതിയുടെ അംഗരക്ഷകരെ നിയമിക്കുന്നതില്‍ ജാതി വിവേചനം; ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി

രാഷ്ട്രപതിയുടെ അംഗരക്ഷകരെ നിയമിക്കുന്നതില്‍ ജാതി വിവേചനം നടന്നുവെന്നു കാണിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ജാട്ട്, രാജ്പുത്, ജാട്ട് സിക്ക് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരെ മാത്രമാണ് നിയമിച്ചതെന്ന് ചൂണ്ടിക്കാട്ടി ഹരിയാന സ്വദേശി ഗൗരവ് യാദവാണ് ഹര്‍ജി നല്‍കിയത്. സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോടും കരസേനാ മേധാവിയോടും വിശദീകരണം തേടി. ജസ്റ്റിസുമാരായ എസ് മുരളീധര്‍, സഞ്ജീവ് നരൂല എന്നിവരടങ്ങിയ ബെഞ്ചാണ് വിശദീകരണം തേടിയത്.

നാല് ആഴ്ച്ചയ്ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം, കരസേനാ മേധാവി, കമാന്‍ഡന്റ് ഓഫി ദി പ്രസിഡന്റ് ബോഡിഗാര്‍ഡ് ആന്‍ഡ് ഡയറക്ടര്‍, കരസേനാ റിക്രൂട്ട്മെന്റ് എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2017 സെപ്തംബര്‍ 4ന് രാഷ്ട്രപതിയുടെ ബോഡിഗാര്‍ഡ് റിക്രൂട്ട്മെന്റില്‍ ഗൗരവ് പങ്കെടുത്തിരുന്നു. എന്നാല്‍ ജാട്ട്, രാജ്പുത്, ജാട്ട് സിക്ക് എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരെ മാത്രമാണ് തിരഞ്ഞെടുത്തതെന്ന് ഹര്‍ജിയില്‍ പറയുന്നു. റിക്രൂട്ട്മെന്റില്‍ എല്ലാ തരത്തിലുള്ള പരീക്ഷകളും താന്‍ ജയിച്ചെങ്കിലും യാദവ് വിഭാഗക്കാരനായതിനാല്‍ പരിഗണിച്ചില്ലെന്നും ഗൗരവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കേസ് വാദം കേള്‍ക്കാനായി മെയ് എട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top