ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും അധികം ശമ്പളം വാങ്ങുന്നത് ആരാണെന്ന ചോദ്യത്തിന് രാഷ്ട്രപതിയാണെന്നാകും ഉത്തരം. പരമപദവിയില്‍ ഇരിക്കുന്നവരായിരിക്കും കൂടുതല്‍ ശമ്പളം വാങ്ങുക എന്നാകും നമ്മള്‍ ചിന്തിക്കുക എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. രാജ്യത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഇപ്പോഴും ലഭിക്കുന്നത് ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥരെക്കാളും സൈനിക മേധാവികളെക്കാളും കുറഞ്ഞ ശമ്പളം.
ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ രണ്ട് വര്‍ഷം മുമ്പ് അംഗീകരിച്ചതിന് പ്രകാരം രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളം ഉയര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുവര്‍ഷം മുമ്പ് കാബിനറ്റ് സെക്രട്ടേറിയറ്റിന് ശുപാര്‍ശ നല്‍കിയെങ്കിലും കേന്ദ്ര മന്ത്രിസഭ ഇത് അംഗീകരിച്ചിട്ടില്ല. ശമ്പള കമ്മിഷനിലെ അപാകതകള്‍ പരിഹരിക്കുന്നതിന് നിയമഭേദഗതിയും കൊണ്ടുവന്നിട്ടില്ല.
രാഷ്ട്രപതിക്ക് പ്രതിമാസം 1.50 ലക്ഷവും ഉപരാഷ്ട്രപതിക്ക് 1.25 ലക്ഷവുമാണ് ലഭിക്കുന്നത്. 1.10 ലക്ഷം രൂപയാണ് ഗവര്‍ണറുടെ പ്രതിമാസ ശമ്പളം. 2016 ജനുവരി ഒന്നിന് ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശകള്‍ കേന്ദ്രം നടപ്പാക്കിയിരുന്നു. അതുപ്രകാരം കാബിനറ്റ് സെക്രട്ടറിയാണ് ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നത്, 2.5 ലക്ഷം രൂപ. പിന്നീട് വരുന്ന കേന്ദ്ര സെക്രട്ടറിക്ക് 2.25 ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം.
മൂന്ന് സൈനിക വിഭാഗങ്ങളുടെ സുപ്രീം കമാന്‍ഡറായ രാഷ്ട്രപതിയുടെ നിലവിലെ പ്രതിമാസം വേതനം സൈനിക മേധാവികളുടേതിനെക്കാള്‍ കുറവാണ്. സൈനിക മേധാവികള്‍ക്ക് കാബിനറ്റ് സെക്രട്ടറിയുടെ അതേ ശമ്പളമാണ് ലഭിക്കുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ അംഗീകരിച്ചാല്‍ രാഷ്ട്രപതിക്ക് അഞ്ചു ലക്ഷവും ഉപരാഷ്ട്രപതിക്ക് 3.5 ലക്ഷവുമാവും പ്രതിമാസം ശമ്പളമായി ലഭിക്കുക. ഗവര്‍ണറുടെ ശമ്പളം മൂന്ന് ലക്ഷമായും ഉയരും. 2008 മുതല്‍ പ്രസിഡന്റിന്റെ ശമ്പളം 50,000 രൂപയും ഉപരാഷ്ട്രപതിയുടേത് 40,000 രൂപയും ഗവര്‍ണറുടേത് 36,000 രൂപയുമായിരുന്നു.