പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറി സിപിഎം അനുഭാവി; പ്രതിഷേധവുമായി കോൺഗ്രസ് മാധ്യമപ്രവർത്തകർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയായി കോൺഗ്രസ് വിരുദ്ധ മാധ്യമ പ്രവർത്തകനും, സിപിഎം അനുഭാവിയുമായ മാധ്യമ പ്രവർത്തകനെ നിയമിക്കാനുള്ള നീക്കത്തിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസിലെ ഒരു വിഭാഗം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറിയായി നിയമിതനാകുന്നത് സജീവ ഇടത് സഹയാത്രികനായ മാധ്യമ പ്രവർത്തകൻ ബി വി പവനനാണെന്ന സൂചനകളെ തുടർന്നാണ് ഇപ്പോൾ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ അഞ്ച് വർഷക്കാലം യു ഡി എഫ് സർക്കാരിനും മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മന്ത്രിമാർക്കുമെതിരെ ശക്തമായ റിപ്പോർട്ടുകളുമായി ഇടത് മുന്നേറ്റത്തിന് തലസ്ഥാനത്തെ മാധ്യമപ്പടയെ നയിച്ച കേരള കൗമുദിയുടെ രാഷ്ട്രീയ കാര്യ ലേഖകനാണ് ബി വി പവനൻ. അറിയപ്പെടുന്ന ഇടത് സഹയാത്രികനായ മാധ്യമ പ്രവർത്തകനായി അറിയപ്പെടുന്നയാളാണ് പവനൻ.

കോൺഗ്രസ് മാധ്യമങ്ങളായ വീക്ഷണത്തിലെയും ജയ്ഹിന്ദിലെയും മാധ്യമ പ്രവർത്തകരെ തഴഞ്ഞാണ് ഈ അഞ്ച് വർഷക്കാലം കോൺഗ്രസ് അനുകൂലികളായ മാധ്യമ പ്രവർത്തകർക്ക് ലഭിക്കാനിടയുള്ള ഏക പദവിയായ പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് ഇടതുപക്ഷ അനുഭാവി നിയമിതനാകുന്നതെന്നതാണ് പുതിയ വിവാദം.

മുൻപ് ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് മന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുൻ എസ് എഫ് ഐ അനുഭാവിയായിരുന്ന കോഴിക്കോട് കളക്ടർ പ്രശാന്ത് ആർ നായരായിരുന്നു. പിന്നീട് കളക്ടറായി പ്രമോഷൻ ലഭിച്ചപ്പോഴാണ് പ്രശാന്ത് ഈ പദവിയിൽ നിന്നും മാറിയത്.

കോഴിക്കോട് കലക്ടർ പദവിയിലുരുന്നും പരസ്യമായി കോൺഗ്രസുകാരനായ സ്ഥലം എം പിയ്‌ക്കെതിരെയും ഡി സി സി അധ്യക്ഷനെതിരെയും പ്രശാന്ത് നിലപാട് സ്വീകരിച്ചിരുന്നു. മാത്രമല്ല അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ ഒളിയമ്പെയ്യാനും പ്രശാന്ത് മടിച്ചിരുന്നില്ല.

കഴിഞ്ഞ അഞ്ച് വർഷക്കാലവും സർക്കാർ വിരുദ്ധത മുഖ്യ വിഷയമായി ഏറ്റെടുത്ത ഇടത് അനുകൂല മാധ്യമ പ്രവർത്തകരുമായി രമേശ് ചെന്നിത്തല അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു എന്ന ആരോപണം ഉയർന്നിരുന്നു.

മുൻ സർക്കാരിനെ മുൾമുനയിൽ നിർത്താൻ പോന്ന പല നിർണ്ണായക വിവരങ്ങളും ഇടത് മാധ്യമ പ്രവർത്തകർക്കും അന്നത്തെ സർക്കാർ വിരുദ്ധർക്കും കൃത്യമായി ചോർന്നു കിട്ടിക്കൊണ്ടിരുന്നത് ആ സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഉന്നത കേന്ദ്രങ്ങളിൽ നിന്ന് തന്നെ ആയിരുന്നെന്ന ആരോപണം കോൺഗ്രസിനുള്ളിൽ തന്നെ ഉണ്ടായിരുന്നു.

അറിയപ്പെടുന്ന സി പി എം അനുഭാവികൾ നയിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ അഞ്ചു വർഷവും സർക്കാരിനെ എവിടെയൊക്കെ ആക്രമിക്കാൻ കഴിഞ്ഞിട്ടുണ്ടോ അതൊക്കെ ഏറ്റെടുത്തപ്പോഴും രമേശ് ചെന്നിത്തലയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമീപനമായിരുന്നു കൈക്കൊണ്ടിരുന്നത്. അതിനാൽ തന്നെ സ്വാഭാവികമായും ഏഷ്യാനെറ്റിൽ നിന്നൊരാൾ പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയാകുമെന്ന പ്രചരണവും ഉണ്ടായിരുന്നു.

എന്നാൽ യു ഡി എഫ് നേതാക്കളെ തുറന്നെതിർത്ത അത്തരം ആളുകളെ പദവിയിൽ കൊണ്ടുവന്നാൽ അത് വിവാദമാകുമെന്ന് കരുതിയാകണം അക്കൂട്ടത്തിൽ പൊതുവേ മാന്യനും സൗമ്യനുമായ ബി വി പവനനെ ചെന്നിത്തല തെരഞ്ഞെടുത്തതെന്ന് കരുതുന്നു. ഏഷ്യാനെറ്റിലെ മാധ്യമ പ്രവർത്തക സിന്ധു സൂര്യകുമാറിന്റെ അടുത്ത ബന്ധുവും കൂടിയാണ് പവനൻ.

നിലവിൽ അധികാരത്തിലുള്ള ഇടതുപക്ഷ സർക്കാരിലെ എല്ലാ പ്രമുഖരുമായും അടുത്ത സൗഹൃദവും വ്യക്തിബന്ധവുമുള്ള മാധ്യമ പ്രവർത്തകനാണ് പവനൻ. തലസ്ഥാനത്തെ ഏറ്റവും മുതിർന്ന മാധ്യമ പ്രവർത്തകരിൽ ഒരാളുമാണ് അദ്ദേഹം.

അതേസമയം ഇടതുപക്ഷ അനുകൂല മാധ്യമത്തിൽ ഇടത് അനുകൂല നിലപാടുകൾ കൈക്കൊള്ളുമ്പോഴും യുഡിഎഫ് ബിജെപി രാഷ്ട്രീയ നേതൃനിരകളിൽ ഉറച്ച സൗഹൃദവും വ്യക്തി ബന്ധങ്ങളും പവനനുണ്ട്. ഇടത് സർക്കാരിൽ മാന്യമായ പദവികളിൽ അർഹരായ മാധ്യമ പ്രവർത്തകരിൽ പ്രധാനിയുമാണ് പവനൻ.

അങ്ങനൊരാൾ കോൺഗ്രസ് നേതാവായ പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറി പദവിയിൽ എത്തുന്നു എന്നതാണ് വിവാദം. വീക്ഷണത്തിലെയും ജയ്ഹിന്ദിലെയും മാധ്യമ പ്രവർത്തകർ ഇതിനോടകം തന്നെ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്.

വിഷയം കെ പി സി സിയുടെയും ഹൈക്കമാണ്ടിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഇവരുടെ നീക്കം. യു ഡി എഫിലെ ഘടകകക്ഷി നേതാക്കളെയും കോൺഗ്രസ് അനുകൂലികളായ മാധ്യമ പ്രവർത്തകർ പ്രതിഷേധം അറിയിക്കും.

Top