കൊച്ചി : പുറത്ത് കാണുന്നതിലും അറിയുന്നതിലും അതിഭീകരമാണ് കൊറോണ മൂല യൂറോപ്യൻ രാജ്യങ്ങളിൽ നടക്കുന്നത് . നിയന്ത്രണം കര്ശനമായി പാലിക്കാത്തതിനാൽ യൂറോപ്പിൽ കൊറോണ ദിനം പ്രതി കൂടുകയാണ് .ഇറ്റലിയും ബ്രിട്ടനും യൂറോപ്പിന്റെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കയാണ് .ഭീകരമാണ് പലദൃശ്യങ്ങളും .കൊറോണ ലോകജനതയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പാലിക്കേണ്ട ജാഗ്രതയും കരുതലും എത്രത്തോളം വലുതാണെന്ന് ചൂണ്ടിക്കാട്ടി ഇറ്റലിയിലെ രണ്ട് മലയാളി വൈദികര്‍. ഇറ്റലിയില്‍ നിന്നുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ് അവര്‍ കേരളത്തിലെ ജനങ്ങളോട് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നത്. എറണാകുളം അങ്കമാലി അതിരുപതയിലെ വൈദികരും ഇറ്റലിയില്‍ ഉപരി പഠനം നടത്തുന്നവരുമായി ഫാ.ജോഫി തോട്ടങ്കര, ഫാ.വര്‍ഗീസ് പാലാട്ടി എന്നിവരാണ് ഫെയ്‌സ് ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്.
ഇറ്റലിയിലെ ജനത സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് തള്ളിയതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഫാ.ജോഫി തോട്ടങ്കര. കഴിഞ്ഞ നാലു വര്‍ഷമായി ഇറ്റലിയിലെ വെനീസില്‍ ഉപരിപഠനം നടത്തുകയും ഒരു പള്ളിയില്‍ സേവനം ചെയ്തുവരികയുമാണ് ഫാ.ജോഫി. ഇറ്റലിയില്‍ കൊറോണ പ്രത്യക്ഷപ്പെട്ട കാലം മുതല്‍ റെഡ്‌സോണ്‍ പ്രഖ്യാപിച്ചിരുന്ന മേഖലയാണ് വെനീസ്. കുര്‍ബാനയില്‍ പങ്കെടുക്കരുതെന്ന് മെത്രാന്മാര്‍ അടക്കം സര്‍ക്കുലര്‍ കൊടുത്തിട്ടും ചില പള്ളികളില്‍ ഒരുപാട് ആളുകള്‍ എത്തുന്നതും ആ പള്ളികള്‍ക്ക് പോലീസ് നോട്ടീസ് കൊടുക്കുന്നതും ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് ചില കാര്യങ്ങള്‍ മലയാളികളോട് പറയുന്നതെന്ന് വൈദികന്‍ പറയുന്നു.
”ക്രൈസ്തവരെ സംബന്ധിച്ച് ഇത് വലിയ നോമ്പിന്റെ കാലമാണ്. വിശ്വാസ ജീവിത കാലഘട്ടത്തില്‍ നെഞ്ചോട് ചേര്‍ത്ത് വച്ചിരിക്കുന്ന കാലഘട്ടമാണ്. ഈ സമയത്ത് പള്ളിയില്‍ പോകാന്‍ പറ്റാത്ത സാഹചര്യമാണെന്നത് വലിയ വിഷമമാണ്. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം എത്രയൊക്കെ വേദനകള്‍ ഉണ്ടെങ്കിലും ആ സാഹചര്യത്തോട് അനുയോജിച്ച് പ്രതികരിക്കുകയും വേണ്ടത് അനിവാര്യമാണ്. ഞാനിപ്പോള്‍ ആയിരിക്കുന്ന ഇടവകയില്‍ ചരിത്രത്തില്‍ ആദ്യമായി ‘കുരിശുവര’ തിരുന്നാള്‍ (വിഭൂതി തിരുന്നാള്‍) ഇല്ലാതിരുന്ന സാഹചര്യമാണ്. മൂന്നാല് ആഴ്ചകളായി നോര്‍ത്ത് ഇറ്റലിയിലെ പള്ളികളിലൊന്നും ചടങ്ങുകള്‍ ഒന്നുമില്ല. മൂന്നാഴ്ചയായി ഞാന്‍ പുറത്തിറങ്ങുന്നില്ല. ഇവിടുത്തെ അവസ്ഥ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന എനിക്ക് നിങ്ങള്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അതേപടി പാലിക്കണമെന്ന് മാത്രമേ പറയാനുള്ളൂ.”
തന്റെ ഒപ്പമുള്ള വൈദികന്റെ സുഹൃത്തായ 76 കാരന്‍ വൈദികന്‍ കൊറോണ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചു. അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നവര്‍ക്കെല്ലം കടുത്ത പനിയാണ്. അവര്‍ ആരോഗ്യ വകുപ്പ് അധികൃതരെ വിളിച്ചിട്ട് ആരും ഫോണില്‍ പോലും പ്രതികരിക്കാനില്ല. ചിലയിടങ്ങളില്‍ മൃതദേഹങ്ങള്‍ പെട്ടികളിലാക്കി സൈന്യം കൊണ്ടുപോകുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ചിലയിടങ്ങളില്‍ മരിച്ചവരെ അടക്കാന്‍ സെമിത്തേരിയില്‍ സ്ഥലമില്ല. അത്രയും ഭീകരമായ സാഹചര്യങ്ങളിലൂടെയാണ് ഇറ്റലി കടന്നുപോകുന്നത്. ആ സാഹചര്യം നമ്മുടെ നാട്ടില്‍ വരരുത്.
ആശുപത്രികളുടെ വരാന്തകളില്‍ പോലും രോഗികള്‍ക്ക് കിടക്കാന്‍ സ്ഥലമില്ലെന്നാണ് ഇറ്റലിയില്‍ നിന്നുള്ള ഒരു നഴ്‌സ് കഴിഞ്ഞ ദിവസം പറഞ്ഞത്. രോഗികള്‍ക്ക് കൊടുക്കാന്‍ മരുന്നില്ല. ആ സാഹചര്യത്തില്‍ അവര്‍ക്ക് എങ്ങനെ ഫോണില്‍ വിളിക്കുന്നവരോട് പ്രതികരിക്കാന്‍ കഴിയും.? യൂറോപ്പിലെ ഒരു പ്രധാനപ്പെട്ട വികസിത രാജ്യമാണ് ഇറ്റലി. ഇറ്റലിയുടെ അവസ്ഥയിലേക്ക് നമ്മുടെ നാട് വരാതിരിക്കണമെങ്കില്‍ ഇന്ന് സര്‍ക്കാരുകള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കണം.
ഇറ്റലിയില്‍ കൊറോണയുടെ ആരംഭത്തില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ വേണ്ടരീതിയില്‍ പാലിക്കാത്തതിന്റെയും നടപ്പാക്കത്തതിന്റെയും ഫലമാണ് ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങള്‍. ആദ്യദിനങ്ങളില്‍ ഇവര്‍ ആരുംതന്നെ അനുസരിക്കുന്നില്ലായിരുന്നു. മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടങ്ങള്‍ നടന്ന നാടാണല്ലോ ഇതൊക്കെ. വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടി ഈ ദിവസങ്ങളില്‍ റോഡിലൂടെ ഇറങ്ങിനടന്ന യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തതും പോലീസിനോട് അവര്‍ തട്ടിക്കയറിയതും ഒക്കെ വീഡിയോ ആയി പുറത്തുവന്നിരുന്നു. പറഞ്ഞാല്‍ കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. ഈ സമയത്ത് നാം വീട്ടിലിരുന്നാലെ പറ്റൂ. സര്‍ക്കാരും മതനേതാക്കളും നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് വീട്ടിലിരുന്നേ മതിയാകൂ. അത് സമൂഹത്തോടുള്ള നമ്മുടെ കടപ്പാടാണെന്നും ഫാ.ജോഫി തോട്ടങ്കര പറയുന്നു.
ഇറ്റലിയില്‍ നിന്ന് മടങ്ങിവന്ന് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഫാ.വര്‍ഗീസ് പാലാട്ടി. മിലാനിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തിയ ഫാ.വര്‍ഗീസ്, ഒറ്റമുറി വീട്ടില്‍ 16 ദിവസം കഴിഞ്ഞ് സ്വയം കാണിച്ച ഉത്തരവാദിത്തവും ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലുകളുമാണ് വ്യക്തമാക്കുന്നത്.
വിദേശത്തുനിന്ന് അവധിക്ക് വന്നവര്‍ മാത്രമല്ല, ഇവിടെയുള്ള എല്ലാവരും ഇപ്പോള്‍ നിര്‍ദേശിക്കുന്ന സോഷ്യല്‍ ഡിസ്റ്റന്‍സ് വളരെ ഗൗരവപൂര്‍വ്വം നടപ്പാക്കണം. അത് സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തമാണ്. അത് നമ്മുടെ വലിയ ത്യാഗമാണ്. കടമയാണ്. അല്ലെങ്കില്‍ അതിനു വലിയ വില നല്‍കേണ്ടിവരും. മറ്റൊരു ഇറ്റലി, ഇറാന്‍ അനുഭവം ഇവിടെയും കാണേണ്ടിവരും. കരുതലും മുന്‍കരുതലുമാണ് പ്രധാനം. ഈ മഹാമാരിയെ തടയാന്‍ ഞാന്‍ എന്തു ചെയ്യുന്ന എന്നതാകട്ടെ ഈ ദിനങ്ങളില്‍ നമ്മെ നയിക്കുന്ന ചിന്തയെന്നും അദ്ദേഹം പറയുന്നു.