സിറോ – മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂപതയില്‍ ഭിന്നത രൂക്ഷമാകുന്നു. അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണമെന്നും സഹായ മെത്രാന്‍മാര്‍ ചെയ്ത തെറ്റെന്താണെന്ന് വിശദീകരിക്കണമെന്നും വെദികര്‍ ആവശ്യപ്പെട്ടു. രൂപതയെ മൂന്നായി വിഭജിക്കാന്‍ അനുവദിക്കില്ല. മെത്രാന്മാരെയോ വൈദികരെയോ കേസില്‍ കുടുക്കിയാല്‍ തെരുവിലിറങ്ങും.
ഭൂമി കുംഭകോണത്തിന്റെ പശ്ചാത്തലത്തില്‍ ഭരണചുമതലയില്‍ നിന്നും നീക്കിയ വ്യക്തി എങ്ങനെ അധികാരത്തില്‍ എത്തിയെന്നും കൂടുതല്‍ വഷളായി തുടരുന്നുവെന്നും വൈദികര്‍ ഉന്നയിക്കുന്നു.
ഭൂമി കുംഭകോണത്തെ കുറിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണം. കാനോനിക സമിതികള്‍ വിളിച്ചു ചേര്‍ത്ത്, സഹായ മെത്രാന്മാര്‍ക്കെതിരായ നടപടിയുടെ കാരണം വ്യക്തമാക്കണമെന്നും വൈദികര്‍ പറഞ്ഞു.
സഹായ മെത്രാന്മാരേയോ വൈദികരേയോ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ പരസ്യമായി പ്രതിഷേധത്തിലേക്ക് ഇറങ്ങും. മേജര്‍ ആര്‍ച്ച് ബിഷപ് എങ്ങനെയാണ് അധികാരത്തില്‍ തിരിച്ചെത്തിയതെന്ന് വിശദീകരിക്കണം. അതിരൂപതയെ മൂന്നായി വിഭജിക്കാനുള്ള നീക്കം അനുവദിക്കില്ല. സഹായ മെത്രാന്മാര്‍ക്കെതിരായ നടപടിയിലെ ശരി എന്താണെന്ന് അറിയണം. അല്ലെങ്കില്‍ കര്‍ദ്ദിനാളിന്റെ ഇടയലേഖനങ്ങള്‍ പള്ളികളില്‍ വായിക്കാന്‍ തങ്ങളുടെ മനസാക്ഷി അനുവദിക്കുന്നില്ല.
അതിരുപതയ്ക്കുള്ള സാമ്പത്തിക വിഹിതം ഇടവക പൊതുയോഗം തടഞ്ഞാല്‍ അതിനെ എതിര്‍ക്കാനാവില്ലെന്നും യോഗത്തിനു ശേഷം മുതിര്‍ന്ന വൈദികര്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാസാക്കിയ പ്രമേയം സ്ഥിരം സിനഡിന് സമര്‍പ്പിക്കും. അയോഗ്യരായ നിരവധി പേര്‍ സഭ തലപ്പത്ത് കയറിപ്പറ്റിയിട്ടുണ്ട്. അതില്‍ പ്രധാനിയാണ് സഭ ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടര്‍ ഫാ.ജോബി മാപ്രക്കാവില്‍ എന്നും വൈദികര്‍ ആരോപിച്ചു.
മാന്യന്മാര്‍ കയറിയിറങ്ങിയിരുന്ന അതിരുപത ഇന്ന് അധര്‍മ്മികളുടെ കേന്ദ്രമായി മാറി. അതില്‍ വലിയ വേദനയുണ്ട്. ആ അധര്‍മ്മികളെയല്ല, ഞങ്ങളെയാണ് എല്ലാവരും വിമതന്മാരായി മാധ്യമങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടുന്നത്. അതില്‍ ചില കള്ളിക്കളയുണ്ട് എന്ന സംശയിക്കണം.
അതിരൂപതയില്‍ വൈദികരും അത്മായരും ഉള്‍പ്പെടുന്ന 25 അംഗ ഹിയറിംഗ് കമ്മിറ്റി രൂപീകരിച്ചതായും വൈദികര്‍ അറിയിച്ചു. വ്യാജരേഖ കേസില്‍ പോലീസ് അന്വേഷണത്തില്‍ വി?ശ്വാസമില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ബിഷപ് ജേക്കബ് മനത്തോടത്ത് പറഞ്ഞത് ഇപ്പോള്‍ വരുന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമായില്ലേ? പോലീസ് കസ്റ്റഡിയില്‍ എന്താണ് നടക്കുന്നതെന്ന് ബോധ്യമായില്ലേ? അതുകൊണ്ടാണ് കേസില്‍ സി.ബി.ഐയോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്ന് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും വൈദികര്‍ പറഞ്ഞു.
നാളെ മുതല്‍ ഇടവകകളിലും പ്രമേയം പാസാക്കും. മാര്‍പാപ്പയ്ക്കും പൗരത്യ തിരുസംഘത്തിനും നൂണ്‍ഷ്യോയ്ക്കും സി.ബി.സി.ഐയ്ക്കും കെ.സി.ബി.സിക്കുംഅയച്ചു നല്‍കും. ഇന്ന് ചേര്‍ന്ന യോഗത്തില്‍ അതിരൂപതയിലെ 461 വൈദികരില്‍ 251 പേര്‍ പങ്കെടുത്തു. വൈദികരില്‍ നൂറില്‍ ഏറെ പേര്‍ കേരളത്തിന് പുറത്താണെന്നും കുറച്ചുപേര്‍ വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയാണെന്നും വൈദികര്‍ അറിയിച്ചു. സേവനം ചെയ്യുന്നവരില്‍ ബഹുഭൂരിപക്ഷവും ഇന്നത്തെ യോഗത്തിന് എത്തിയെന്നും അവര്‍ അവകാശപ്പെട്ടു. അത്മായര്‍ അടക്കം 346 പേരാണ് യോഗത്തിനെത്തിയത്.