തോറ്റ വിദ്യാർത്ഥിയെ പ്രത്യേക സമിതിയെ നിയോഗിച്ച് ജയിപ്പിച്ചെടുത്തു…!! മന്ത്രി കെ.ടി. ജലീലിനെതിരെ ഗുരുതര ആരോപണം; ഗവർണ്ണർക്ക് പരാതി

കൊല്ലം: മന്ത്രി കെ.ടി. ജലീൽ ഇടപെട്ട് തോറ്റ വിദ്യാര്‍ഥിയെ അപ്പീലിലൂടെ ജയിപ്പിച്ചെന്ന് ആരോപണം. ഇത് സംബന്ധിച്ച് ഗവർണ്ണർക്ക് പരാതി നൽകി. ബിടെക് വിദ്യാര്‍ഥിയുടെ തോറ്റ പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി മന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സമിതിയെ നിയോഗിച്ചതിന്റെ രേഖകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

പരീക്ഷ തോറ്റ വിദ്യാർത്ഥി പുനര്‍മൂല്യനിര്‍ണയത്തിന് നൽകിയെങ്കിലും അതിലും ജയിക്കാനുള്ള മാർക്ക് കിട്ടിയില്ല. ഇവിടെയാണ് മന്ത്രി ജലീൽ ഇടപെട്ടത്.  ഈ പേപ്പറിന് പ്രത്യേക സമിതി ജയിക്കാനുള്ള മാര്‍ക്ക് നല്‍കുകയും ചെയ്തു.  കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയുടെ പേപ്പറിലെ മാർക്കാണ് മന്ത്രിക്കെതിരായ പരാതിക്ക് ആധാരമായിരിക്കുന്നത്.

ആറാം സെമസ്റ്ററിലെ ഡയനാമിക് പേപ്പറിന് ആദ്യം ലഭിച്ചത് 29 മാര്‍ക്കാണ്. ജയിക്കാന്‍ 45 മാര്‍ക്കാണ് വേണ്ടിയിരുന്നത്. വിദ്യാര്‍ഥിയുടെ അപേക്ഷ പ്രകാരം പുനഃപ്പരിശോധന നടത്തിയിട്ടും ജയിക്കാനുള്ള മാര്‍ക്ക് ലഭിച്ചിരുന്നില്ല. വീണ്ടും അപേക്ഷ സമര്‍പ്പിച്ചെങ്കിലും ആദ്യ പുനഃപ്പരിശോധനയില്‍ 15 ശതമാനം മാര്‍ക്ക് കൂടുതല്‍ ലഭിക്കാത്തതിനാല്‍ സര്‍വകലാശാല ഇത് നിരസിച്ചു. തുടര്‍ന്നാണ് മന്ത്രി ഇടപെട്ടതെന്നാണ് റിപ്പോര്‍ട്ട്.

സാങ്കേതിക സര്‍വലകലാശാലയുടെ ഫയല്‍ അദാലത്തില്‍ മന്ത്രി വിദ്യാര്‍ഥിയുടെ അപേക്ഷ പരിഗണിച്ചു. ഇത് പ്രത്യേക അപേക്ഷയായി പരിഗണിച്ച് ഒരു അധ്യാപകനെക്കൊണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ പുനര്‍മൂല്യനിര്‍ണയം നടത്താന്‍ നിര്‍ദേശം നല്‍കി. പിന്നീട് മന്ത്രിയുടെ നിര്‍ദേശപ്രകാരം രണ്ട് അധ്യാപകരുടെ സമിതിയെ പുനര്‍മൂല്യനിര്‍ണയത്തിനായി നിയോഗിച്ചു. ഈ സമിതി വിദ്യാര്‍ഥിയുടെ തോറ്റ പേപ്പറിന് 48 മാര്‍ക്ക് നല്‍കി വിജയിപ്പിച്ചു.

ഇത്തരത്തില്‍ മൂല്യനിര്‍ണയത്തിനോ പുനര്‍മൂല്യനിര്‍ണയത്തിനോ ചട്ടമില്ലെന്നിരിക്കെയാണ് മന്ത്രിയുടെ ഈ നടപടി. കൂടാതെ, ഫയല്‍ അദാലത്തില്‍ കാലവിളംബം വന്ന ഫയലുകളില്‍ തീര്‍പ്പുകല്‍പിക്കാന്‍ മാത്രമാണ് അധികാരം. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍ നിയമവിരുദ്ധമാണെന്ന ആരോപണമുയരുന്നത്. ഇതുസംബന്ധിച്ച് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി, ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

Top