ദിലീപിനെ തിരിച്ചെടുക്കാന്‍ ചേര്‍ന്ന കമ്മിറ്റിയില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടില്ല: അമ്മയുടെ വാദം തള്ളി രമ്യയും പൃഥ്വിരാജും

കൊച്ചി: ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയ എക്സിക്യൂട്ടീവ് യോഗത്തില്‍ തങ്ങള്‍ പങ്കെടുത്തിട്ടില്ലെന്ന് പൃഥ്വിരാജും രമ്യാ നമ്പീശനും. ഇരുവരും പങ്കെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദിലീപിനെ പുത്താക്കിയ നടപടി മരവിപ്പിച്ചതെന്ന നടന്‍ സിദ്ദീഖിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പൃഥ്വിരാജും രമ്യാ നമ്പീശനും.

ആ എക്സിക്യൂട്ടീവ് യോഗത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. യോഗമുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും അതിന്റെ അജണ്ടകള്‍ അറിയിച്ചിരുന്നില്ല. ഷൂട്ടിങ് തിരക്കുകള്‍ കാരണമാണ് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. മീറ്റിങ്ങിനു ശേഷം എന്തെല്ലാമാണ് തീരുമാനിച്ചതെന്ന് എന്നെ അറിയിച്ചിട്ടുമില്ല. ഇപ്പോള്‍ ഇവര്‍ നടത്തുന്ന പ്രസ്താവനകള്‍ പലതും മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ് ഒരു അഭിമുഖത്തില്‍ രമ്യാ നമ്പീശന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അമ്മ എന്ന സംഘടനയെ ഭിന്നിപ്പിക്കാനോ പിളര്‍ത്താനോ അല്ല തങ്ങളുടെ ശ്രമമെന്നും രമ്യ വ്യക്തമാക്കി.

അമ്മ എന്ന സംഘടനയെ പിളര്‍ത്തണം എന്ന ഉദ്ദേശ്യത്തോടെയല്ല ഞങ്ങള്‍ രാജിവച്ചതും ഇക്കാര്യങ്ങള്‍ തുറന്നു സംസാരിച്ചതും. അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നു എന്ന വസ്തുത മറന്നുമല്ല സംസാരിക്കുന്നത്. എന്നാല്‍ അതിനുള്ളില്‍ നടക്കുന്ന പല പാട്രിയാര്‍ക്കല്‍, ഫ്യൂഡല്‍ നടപടികള്‍ കണ്ടില്ലെന്നു നടിക്കാന്‍ പറ്റില്ലല്ലോ. നമ്മള്‍ ഭാഗമായ സംഘടനയ്ക്കു തെറ്റു പറ്റുമ്പോള്‍ നമ്മള്‍ തന്നെയാണ് അത് ചൂണ്ടിക്കാണിക്കേണ്ടത്. പിന്നെ സംഘടനയില്‍ നിന്നും രാജിവച്ചത് ഒരു പ്രത്യേക വ്യക്തിയുടെ വിഷയത്തിന്റെ പേരില്‍ മാത്രമല്ല. ഇത്തരം ഒരു സാഹചര്യത്തില്‍ ഒരു സംഘടന എന്ന നിലയില്‍ അമ്മയെടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ്, രമ്യാ നമ്പീശന്‍ വ്യക്തമാക്കി.

ദിലീപിനെ തിരിച്ചെടുക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചിരുന്നതായി കഴിഞ്ഞ ദിവസം പുറത്തുവന്ന അമ്മയുടെ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഇതോടെ താരങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ദിലീപിനെ തിരിച്ചെടുത്തതെന്ന അമ്മയുടെ വാദമാണ് പൊളിഞ്ഞത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അവൈലബിള്‍ എക്സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. ഈ യോഗത്തില്‍ പൃഥ്വിരാജും രമ്യാ നമ്പീശനും പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ചേര്‍ന്ന അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഈ തീരുമാനം മരവിപ്പിച്ചു.

ദിലീപിനെ പുറത്താക്കിയതിന് നിയമസാധുത ഇല്ലെന്ന കാരണത്താലാണ് തീരുമാനം മരവിപ്പിച്ചതെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തീരുമാനമെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ രമ്യാ നമ്പീശനും പൃഥ്വിരാജും ഭാഗമായിരുന്നുവെന്നാണ് അഭിമുഖത്തില്‍ നടനും അമ്മയുടെ സെക്രട്ടറിയുമായ സിദ്ദീഖ് പറഞ്ഞു. ഇതാണ് ഇവര്‍ ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്.

Top