മഞ്ജു വാര്യര്‍ ഡബ്ല്യൂസിസിയില്‍ നിന്ന് രാജിവെച്ചു?: വനിതാ സംഘടനയുടെ മറുപടി

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും മഞ്ജു വാര്യര്‍ രാജിവച്ചു എന്ന വാര്‍ത്തകള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ഇത്തരത്തിലൊരു കാര്യം ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെന്നും, മഞ്ജുവില്‍ നിന്നും ഇതുവരെ അത്തരത്തില്‍ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും ഡബ്ല്യൂസിസി അംഗം വിധു വിന്‍സെന്റ് പറഞ്ഞു.

വാര്‍ത്തകള്‍ മാത്രമാണ് ഇതുവരെ കണ്ടത്. ഡബ്ല്യൂസിസിയില്‍ അത്തരമൊരു ചര്‍ച്ചയുണ്ടാകുകയോ മഞ്ജു ഔദ്യോഗികമായി അറിയിക്കുകയോ ചെയ്തിട്ടില്ല, വിധു വിന്‍സെന്റ് വ്യക്തമാക്കി.

മഞ്ജു വാര്യര്‍ വനിതാ സംഘടനയില്‍ നിന്നും രാജിവച്ചുവെന്നും ഇക്കാര്യം മഞ്ജു തന്നെ താരസംഘടന അമ്മയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചുവെന്നും ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വന്നതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയും മറ്റ് മൂന്നു നടികളും താരസംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. ഡബ്ല്യൂസിസി അംഗങ്ങളായ ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് രാജിവച്ചത്.

Latest
Widgets Magazine