കൊച്ചി:അളവില്ലാത്ത ദുഃഖം തന്നെ ചൂഴ്ന്ന് നിന്നത് 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജൂണിലായിരുന്നെന്ന് നടന്‍ പൃഥ്വിരാജ്. അന്ന് അച്ഛന്‍ സുകുമാരനെ കൊണ്ടുപോയ ജൂണ്‍ പൃഥ്വിക്ക് മുന്നില്‍ വീണ്ടും പേമാരി പെതിറങ്ങിയത് സച്ചിയുടെ മരണത്തിലൂടെയായിരുന്നു.
മലയാള സിനിമയിലെ ഏറ്റവും മികച്ച വിജയ കൂട്ടുകെട്ടില്‍ ഒന്നായിരുന്നു സച്ചിയും നടന്‍ പൃഥ്വിരാജും തമ്മിലുണ്ടായിരുന്നത്. സച്ചിയുടെ കയ്യിലുള്ള ഏത് തിരക്കഥയിലാണെങ്കിലും താന്‍ അഭിനയിക്കും എന്ന് മുന്‍പ് പൃഥ്വി യുംപറഞ്ഞിരുന്നു.
പൃഥ്വിരാജ് സച്ചിയെക്കുറിച്ചെഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ്:
‘സച്ചീ…
സാന്ത്വനവുമായി വന്ന നിരവധി സന്ദേശങ്ങളിലും അറ്റന്‍ഡ് ചെയ്ത ചുരുക്കം ചില ഫോണ്‍കോളുകളിലും എനിക്ക് ഇതെങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നു എന്ന ചോദ്യവുമുണ്ടായിരുന്നു. എന്നെയും നിന്നെയും അറിയാവുന്നവര്‍ക്ക് നമ്മളെയും തീര്‍ച്ചയായും അറിയാമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, അതില്‍ ഭൂരിഭാഗം പേരും പറഞ്ഞ ഒരു വിഷയത്തോട്, കരിയറിന്റെ ഔന്നത്യത്തിലാണ് നീ വിട വാങ്ങിയത് എന്ന കാഴ്ചപ്പാടിനോട്, നിശ്ശബ്ദമായി വിയോജിക്കേണ്ടി വരുന്നു.
നിന്റെ ആശയങ്ങളും സ്വപ്നങ്ങളും നന്നായി അറിയാവുന്ന ആളെന്ന നിലയ്ക്ക് ‘അയ്യപ്പനും കോശിയും’ അല്ല നിന്റെ സിനിമാ ജീവിതത്തിന്റെ പരകോടി എന്ന് എനിയ്ക്കറിയാം. നീ എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്ന ഒരു തുടക്കം മാത്രമായിരുന്നു അത്. അതു വരെയുള്ള നിന്റെ സിനിമകള്‍ ഈയൊരു സ്ഥാനത്ത് എത്തിച്ചേരാനുള്ള യാത്രയായിരുന്നു. അവിടെ നിന്നങ്ങോട്ട് നീ നിന്റെ സര്‍ഗ്ഗവൈഭവത്തെ കെട്ടഴിച്ചു വിടുമായിരുന്നു എന്നും എനിയ്ക്ക് നന്നായറിയാം.
പറയപ്പെടാതെ പോയ എത്രയോ കഥകള്‍…പൂര്‍ത്തീകരിക്കാതെ പോയ എത്രയോ സ്വപ്നങ്ങള്‍… അര്‍ദ്ധരാത്രികളില്‍ വാട്ട്‌സാപ്പ് ശബ്ദ സന്ദേശങ്ങളായി വന്നിരുന്ന എത്രയോ കഥാ വിവരണങ്ങള്‍… മുന്നോട്ടുള്ള വര്‍ഷങ്ങളിലേക്കായി നമുക്ക് ബൃഹത്തായൊരു പദ്ധതിയുമുണ്ടായിരുന്നു. അതെല്ലാം ഉപേക്ഷിച്ച് നീ പോയി.
സിനിമയെക്കുറിച്ചുള്ള നിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും ഇനി വരുന്ന വര്‍ഷങ്ങളില്‍ ചെയ്യാന്‍ പോകുന്ന സിനിമകളെക്കുറിച്ചും നീ ആരോടെങ്കിലും മനസ്സ് തുറന്നിട്ടുണ്ടോ എന്നെനിയ്ക്കറിയില്ല. പക്ഷേ എന്നോട് പറഞ്ഞിട്ടുണ്ട്. എനിയ്ക്കറിയാം, നീ ഉണ്ടായിരുന്നെങ്കില്‍ അടുത്ത 25 വര്‍ഷത്തെ മുഖ്യധാരാ മലയാള സിനിമയും എന്റെ തന്നെ ഫിലിം കരിയറും തികച്ചും വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ചേനേ!
സിനിമയെ വിട്ടേക്കൂ… നീ കൂടെയുണ്ടാകാന്‍..നിന്റെ ഒരു വോയ്സ് നോട്ട് കിട്ടാന്‍…ഒരു ഫോണ്‍ കോള്‍ ലഭിക്കാന്‍..ഞാനാ സ്വപ്നങ്ങളെയൊക്കെയും നഷ്ടപ്പെടുത്താന്‍ തയ്യാറാണ്. നമ്മള്‍ ഒരേ പോലെയാണെന്ന് നീ എപ്പോഴും പറയുമായിരുന്നു. അതങ്ങനെ തന്നെയായിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ കടന്നു പോകുന്ന വികാരങ്ങളില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണ് നിന്റേത്. അളവില്ലാത്ത ദുഃഖം ഇതേ പോലെ എന്നെ ചൂഴ്ന്ന് നിന്നത് 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു ജൂണിലായിരുന്നു.
സച്ചീ…നിന്നെ അടുത്തറിയാന്‍ കഴിഞ്ഞത് സവിശേഷമായ ഒരു അനുഗ്രഹമായി ഞാന്‍ കരുതുന്നു. ഞാനെന്ന വ്യക്തിയുടെ ഒരു പങ്കും പറിച്ചെടുത്തു കൊണ്ടാണ് നീ ഇന്ന് പോയത്. ഇനി നിന്നെ ഓര്‍ക്കുമ്പോള്‍ നിന്നോടൊപ്പം കൊണ്ടു പോയ ആ എന്നെക്കുറിച്ചു കൂടി ഓര്‍ക്കാതിരിക്കുന്നതെങ്ങനെ? സഹോദരാ, ജീനിയസേ…വിട! മറ്റൊരു ലോകത്ത് നമുക്ക് വീണ്ടും കണ്ടു മുട്ടാം…’